സൗദിയിൽ റിമോട്ട് ഹെൽത്ത് ക്ലിനിക്കുകൾ സജ്ജം

സൗദി തലസ്ഥാനം റിയാദിലെ അന്താരാഷ്ട്ര കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിനു മുന്നിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാനെത്തിയവർ.

ജിദ്ദ: റിമോട്ട് ക്ലിനിക്കുകൾ വഴി വൈദ്യസഹായം ലഭ്യമാക്കി സൗദി അറേബ്യ. ഓൺലൈൻ വഴി രോഗികൾക്ക് ഡോക്റ്ററുമായി കൂടിക്കാഴ്ചയൊരുക്കുന്ന ഇത്തരം ക്ലിനിക്കുകൾ ആരോഗ്യമന്ത്രാലയത്തിന്‍റെ അനറ്റ് സെഹാത്തി ആപ്പുകൾ വഴി ഉപയോഗപ്പെടുത്താം.

ഗുരുതരപ്രശ്നങ്ങളില്ലാത്ത രോഗികൾക്ക് ഏറ്റവും പെട്ടെന്നും എളുപ്പത്തിലും വൈദ്യോപദേശം ലഭ്യമാക്കാൻ റിമോട്ട് ക്ലിനിക്കുകൾ കൊണ്ടു സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മാത്രമല്ല, ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനാകുന്നതുകൊണ്ട് കോവിഡ് വ്യാപന തോതും നിയന്ത്രിക്കാം.

ഇതിനിടെ, സൗദിയിൽ മൂന്ന് കോവിഡ് മരണങ്ങൾ കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ള ആകെ മരണസംഖ്യ 6,355. പുതിയ 213 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ കേസുകൾ 366584. ഇതിൽ 2,092 ആക്റ്റിവ് കേസുകളും 333 പേർ ഗുരുതരാവസ്ഥയിലുമാണ്.

പുതുതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ റിയാദിൽ 57, മക്കയിൽ 13, മദീനയിൽ നാല് എന്നിങ്ങനെയാണ് കണക്ക്. 198 പേർക്ക് ഇന്നലെ രോഗം ഭേദമായി. ആകെ രോഗമുക്തർ 358137. രാജ്യത്ത് ആകെ 12,037420 പിസിആർ പരിശോധനകൾ ഇതുവരെ നടത്തിയിട്ടുണ്ട്.