ഇസ്രേലി ലൈംഗിക കുറ്റവാളി മൽക്കയെ ഓസ്ട്രേലിയയ്ക്കു കൈമാറി

ജറൂസലേം: കുട്ടികൾക്കെതിരായ 74 ലൈംഗിക പീഡന കേസുകളിൽ പ്രതിയായ വനിതയെ ഇസ്രേലി അധികൃതർ ഒടുവിൽ ഓസ്ട്രേലിയയ്ക്കു കൈമാറി. ആറുവർഷം നീണ്ട നിയമപരവും നയതന്ത്രപരവുമായ ഭിന്നതകൾക്കും ചർച്ചകൾക്കുമൊടുവിലാണ് മൽക്ക ലീഫർ എന്ന കുറ്റവാളിയെ ഇസ്രയേൽ വിട്ടുനൽകുന്നത്.

മെൽബണിലെ ജൂത സ്കൂളിൽ അധ്യാപികയായിരുന്ന മൽക്ക നിരവധി വിദ്യാർഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയതായി കണ്ടെത്തുകയായിരുന്നു. 2008ലാണ് ഇവർക്കെതിരേയുള്ള ആരോപണങ്ങൾ ഉയർന്നത്. തുടർന്ന് ഇസ്രേലി പൗരയായ ഇവർ ഓസ്ട്രേലിയ വിട്ട് നാട്ടിലേക്കു തിരിച്ചെത്തി. എന്നാൽ, ഓസ്ട്രേലിയൻ അധികൃതരും അവിടത്തെ ജൂത സമൂഹവും മൽക്കയ്ക്കെതിരേ ശക്തമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് ഇവരെ വിട്ടുകിട്ടുന്നതിന് ഇസ്രയേലുമായി നിരന്തരം ബന്ധപ്പെട്ടു. തനിക്ക് മാനസികമായ അസ്വസ്ഥതയുണ്ടെന്നായിരുന്നു മൽക്ക ഇസ്രയേൽ അധികൃതരോടു പറഞ്ഞിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ഡിസംബറിൽ ഇസ്രയേലിലെ സുപ്രീം കോടതി നാടുകടത്തലിനെതിരേയുള്ള ഇവരുടെ അവസാനത്തെ അപ്പീലും തള്ളിയതോടെയാണ് ഓസ്ട്രേലിയയ്ക്കു വിട്ടുനൽകാനുള്ള വഴിതുറന്നത്.

ഒടുവിൽ മൽക്കയുടെ ഇരകൾക്ക് നീതികിട്ടിയെന്നാണ് കരുതേണ്ടതെന്ന് നാടുകടത്തൽ ഉത്തരവിൽ ഒപ്പുവച്ച ഇസ്രയേൽ മുൻ നീതിമന്ത്രി അവി നിസൻകോൺ ട്വീറ്റ് ചെയ്തു. നീതിയുടെ അവിശ്വസനീയ ദിനം എന്നാണ് മൽക്കയ്ക്കെതിരേ നിയമപോരാട്ടം നടത്തിയിരുന്ന ചില സംഘടനകൾ പ്രതികരിച്ചത്.

വിലങ്ങുവച്ച മൽക്കയെ ഗുറിയോൺ എയർപോർട്ടിലെത്തിച്ചതിന്‍റെ ചിത്രങ്ങൾ ഇസ്രേലി മാധ്യമങ്ങൾ പുറത്തുവിട്ടു. ഫ്രാങ്ഫർട്ടിലെത്തിച്ച ശേഷമായിരിക്കും ഇവരെ ഓസ്ട്രേലിയയിലേക്കു കൊണ്ടുപോകുക.