ആഗോള രാജ്യങ്ങളില്‍ സൗദിയെ മാര്‍ക്കറ്റ് ചെയ്യാന്‍ വരുന്നത് ലയണല്‍ മെസി?

റിയാദ്: സൗദിയുടെ ടൂറിസം അംബാസഡര്‍ ആരാകും? ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസി എന്നിവര്‍ക്കാണ് പരിഗണന. രാജ്യത്തിന്റെ ടൂറിസം ബ്രാന്‍ഡ് അംബാസഡറാകാന്‍ സൗദി മുന്നോട്ട് വെച്ച ആറ് മില്യണ്‍ യൂറോ( 53 കോടിരൂപ)യുടെ വാര്‍ഷിക കരാറാണ്. മിശിഹ ലയണല്‍ മെസി തയ്യാറാകാനാണ് സാധ്യത.
സൗദി അറേബ്യയെ വരുന്ന 10 വര്‍ഷം ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ശ്രമത്തിലാണ്.
ആഗോള തലത്തില്‍ ഏറെ സ്വീകാര്യതയുള്ള ക്രിസ്റ്റിയാനോയെ എല്ലാ ടൂറിസം പ്രൊജക്ടുകളിലും ഭാഗഭാക്കാക്കുക എന്നതായിരുന്നു അംബാസഡര്‍ പദ്ധതി കൊണ്ടുദ്ദേശിച്ചത്. കരാര്‍ പ്രകാരം എല്ലാ പരസ്യങ്ങളിലും ക്രിസ്റ്റ്യാനോയുടെ മുഖം ഉണ്ടാകും. എന്നാല്‍ നിരവധി ബ്രാന്‍ഡുകളുടെ അംബാസഡറായി താരത്തിന് സൗദി കൂടി ഏറ്റെടുത്താല്‍ ബ്രാന്‍ഡുകളുടെ കരാറുകളുടെ ലംഘനമാകും. അതുകൊണ്ടുതന്നെ മെസിയായിരിക്കും സൗദിയുടെ അംബാസിഡറാവുക.
ലോകഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി റെക്കോര്‍ഡിട്ട ക്രിസ്റ്റിയാനോ കഴിഞ്ഞ ദിവസം യുവെന്റസിനൊപ്പം ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ജേതാവായിരുന്നു. സീസണില്‍ ഗോളടി തുടരുന്ന ക്രിസ്റ്റിയാനോയുടെ ബ്രാന്‍ഡ് മൂല്യം സൗദി അറേബ്യ ടൂറിസം മുഖമായി ഉപയോഗിക്കാനായിരുന്നു പദ്ധതിയിട്ടത്. വിസിറ്റ് സൗദി എന്ന കാംപെയിനാണ് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി ഭരണകൂടം നടപ്പിലാക്കിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് കര്‍ക്കശമായ വിലക്കും നടപടികളും സൗദിയും സ്വീകരിച്ചിരുന്നു. എന്നാല്‍, ഇതിനെല്ലാം ഇളവ് വരുത്തിക്കൊണ്ട് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് ജിദ്ദയില്‍ സംഘടിപ്പിച്ച് സൗദി അറേബ്യ ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ബാഴ്സലോണ, റയല്‍ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, വലന്‍സിയ ക്ലബ്ബുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് സൗദിയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് 102 മില്യണ്‍ പൗണ്ടിന്റെ കരാറാണ് സൗദിയും സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനും ഒപ്പുവെച്ചത്. കൊവിഡ് കാരണം രണ്ടാം വര്‍ഷത്തെ സ്പാനിഷ് കപ്പ് ജിദ്ദയില്‍ നടത്താന്‍ സാധിച്ചില്ല.
2019 ല്‍ അര്‍ജന്റീന-ബ്രസീല്‍ സൗഹൃദ മത്സരത്തിന് റിയാദ് വേദിയായി. അന്ന് മെസിക്ക് വലിയ സ്വീകരണമായിരുന്നു സൗദി ഒരുക്കിയത്. ഇങ്ങനെ, ടൂറിസ്റ്റുകളുടെ ഇഷ്ട സങ്കേതമാക്കി രാജ്യത്തെ മാറ്റിയെടുക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ തുടരുകയാണ്.
വിദേശികള്‍ക്ക് ഏറെ സ്വീകാര്യതയുള്ള നാടായി സൗദിയെ മാറ്റിയെടുക്കാന്‍ അധികൃതര്‍ പരിശ്രമിക്കുകയാണ്.