ഖത്തർ എയർവേയ്സിന്‍റെ പേരിൽ ജോലി തട്ടിപ്പ്; വേണം ജാഗ്രത

ദോഹ: ഖത്തർ എയർവേയ്സിന്‍റെ പേരിൽ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപിക്കുന്നതായി മുന്നറിയിപ്പ്. വ്യാജ ഇ മെയ്ലുകളും പരസ്യങ്ങളും വഴിയാണ് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികൾ തട്ടിപ്പു നടത്തുന്നതെന്ന്ഖത്തർ എയർവേയ്സ് അധികൃതർ അറിയിച്ചു. വ്യാജ ഡൊമെയ്നുകളിൽനിന്നുള്ള മെയ്‌ലുകൾ വഴി ഉദ്യോഗാർഥികളുടെ വ്യക്തി വിവരങ്ങൾ തേടുകയും ജോലി വാഗ്ദാനം ചെയ്തു പണം തട്ടുകയും ചെയ്യുന്നുണ്ട്.

ഖത്തർ എയർവേയ്സിന്‍റെ തൊഴിൽ സംബന്ധിച്ച എല്ലാ ഇ മെയ്‌ലുകളും qatarairways.com.qa അല്ലെങ്കിൽ qatarairways.com എന്നീ മെയ്‌ലുകളിൽനിന്നു മാത്രമേ ലഭിക്കുകയുളളു. ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെയുമാണ് തൊഴിലവസരങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ പ്രസിദ്ധീകരിക്കുന്നത്.

ഉദ്യോഗാർഥികളിൽനിന്ന് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് പണം ഈടാക്കുന്നില്ലെന്നും ഖത്തർ എയർവേയ്സ് വ്യക്തമാക്കി. വ്യാജ മെയ്‌ലുകൾ ലഭിക്കുന്നവർ reportfraud@qatarairways.com.qa എന്ന മെയ്‌ലിലൂടെ അറയിക്കണമെന്നും അധികൃതർ.