സൗദി ഉന്നതതല സംഘം ഉസ്ബെക്കിസ്ഥാനിലേക്ക്

റിയാദ്: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി സൗദി ഉന്നതതല സംഘം ഉസ്ബെക്കിസ്ഥാനിലേക്കു തിരിച്ചു. മന്ത്രി ഖാലിദ് അൽ ഫാലിഹിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഗവൺമെന്‍റ് മേഖലയിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും സൗദിയിലെ വമ്പൻ വ്യാപാരികളും സ്വകാര്യമേഖലയിൽനിന്നുള്ളവരും ഉൾപ്പെടും.

നിരവധി സംയുക്തസംരഭങ്ങളുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. ചില പദ്ധതികളുടെ ധാരാണാപത്രത്തിൽ ഒപ്പുവയ്ക്കുന്നതും സൗദി കമ്പനികളുടെ നേതൃത്വത്തിലുള്ള പുനരുത്പാദന ഊർജ പദ്ധതികളിൻമേലുള്ള ചർച്ചയും ഇതിന്‍റെ ഭാഗമായുണ്ടാകും. കൂടാതെ ഇരു രാജ്യങ്ങളിൽനിന്നുമുള്ള വ്യവസായികൾക്ക് പ്രത്യേക കൂടിക്കാഴ്ചാ അവസരവുമുണ്ടായിരിക്കും.

ഊർജം, ഭക്ഷ്യ വ്യവസായം, നിർമാണ വസ്തുക്കൾ, ഖനനം, ഇലക്‌ട്രോണിക്സ്, ഐടി, കൃഷി തുടങ്ങിയ മേഖലകളിൽ ഉസ്ബെക്കിസ്ഥാനിൽ മികച്ച നിക്ഷേപ സാധ്യതയാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നത്.