കോവിഡ്: ദുബായിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി

ദുബായ്: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ദുബായിൽ സ്വകാര്യ ചടങ്ങുകൾക്കും റസ്റ്ററന്‍റുകൾക്കും ഉൾപ്പെടെ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു. വിവാഹ ചടങ്ങുകൾക്ക് കുടുംബാംഗങ്ങൾക്കു പുറമേ 10 പേർക്കു മാത്രമാണ് പുതിയ ചട്ടങ്ങൾ പ്രകാരം അനുമതി. വീടുകളിലും ഹാളുകളിലും നിയമം ബാധകം. നേരത്തേ 200 പേർക്ക് അനുമതിയുണ്ടായിരുന്നു.

പുതുതായി 3,552 കേസുകൾ കൂടി സ്ഥിരീകരിച്ചതിനു പിന്നാലെ, വെള്ളിയാഴ്ച രാത്രി ചേർന്ന ദുരന്തനിവാരണ സുപ്രീം കമ്മറ്റിയിലാണ് തീരുമാനം. 27 മുതൽ നിയമങ്ങൾ പ്രാബല്യത്തിലാകും.

റസ്റ്ററുന്‍റുകളിൽ മേശകൾക്കിടയിൽ പാലിക്കേണ്ട രണ്ടു മീറ്റർ അകലം മൂന്നു മീറ്ററാക്കി. ജിംനേഷ്യങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ജിമ്മിലെത്തുന്നവരും പരിശീലകരും തമ്മിലുള്ള ശാരീരിക അകലം മൂന്നു മീറ്ററാക്കി. നേരത്തേ ഇത് രണ്ടു മീറ്ററായിരുന്നു.

കപ്പലുകളിലും ബോട്ടുകളിലും നടക്കുന്ന വിനോദ പരിപാടികൾ റദ്ദാക്കി. റസ്റ്ററന്‍റുകളിലും നിയന്ത്രണങ്ങൾ കർശനമാക്കി. യുഎഇയിൽ അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ കോവിഡ് മരണസംഖ്യയാണ് വെള്ളിയാഴ്ച പുറത്തുവന്നത്ത്. പത്തു പേർ കൂടി മരിച്ചതോടെ രാജ്യത്തു കോവിഡ് മരണസംഖ്യ 776 ആയി.