ഒമാനില്‍ കൂടുതല്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍; സന്ദര്‍ശനവിലക്കും

മസ്‌കത്ത്: ഒമാനിൽ ഹ്രസ്വകാല സന്ദർശനത്തിന് താൽക്കാലിക വിലക്ക്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. പുതിയ നിർദേശപ്രകാരം ഒമാനിൽ എത്തുന്നവർ കുറഞ്ഞത് എട്ട് ദിവസം രാജ്യത്ത് തങ്ങണം. അല്ലാത്ത യാത്രക്കാരെ അനുവദിക്കില്ല. ഇതുസംബന്ധിച്ച മുന്നറിയിപ്പ് വ്യോമയാന കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഒമാനിലേക്ക് വരുന്നവർ ഏഴു ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കാതെ മടങ്ങാൻ പാടില്ലെന്നും അങ്ങനെയുള്ളവർക്ക് യാത്ര അനുവദിക്കരുത് എന്നുമാണ് പുതിയ നിർദേശത്തിലുള്ളത്. 
കൂടാതെ, ഒമാൻ സന്ദർശിക്കുന്നവർ 72 മണിക്കൂറിനിടെ എടുത്ത കോവിഡ് പരിശോധനാ ഫലം ഹാജരാക്കണം. ഇതിനു പുറമെ വിമാനത്താവളത്തിൽ എത്തുമ്പോഴുള്ള പരിശോധനക്ക് നേരത്തെ 25 റിയാൽ നൽകി ബുക്ക് ചെയ്യണം. വിമാനമിറങ്ങിയാൽ നിർബന്ധമായും ഏഴു ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിക്കണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ഇങ്ങനെ പരിശോധന നടത്തിയില്ലെങ്കിൽ വീണ്ടും 14 ദിവസം ക്വാറന്റൈനിൽ തുടരണം. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് ആരോഗ്യ മന്ത്രാലയം ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. 
അതേസമയം ഇന്നലെ കോവിഡ് മരണങ്ങളില്ലാത്ത ആശ്വാസ ദിവസമായിരുന്നു ഇന്നലെ ഒമാനിൽ. കർശന നിയന്ത്രണങ്ങളിലൂടെയാണ് മരണനിരക്ക് കുറക്കുന്നത്. 171 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,32,317 പേർക്ക് കോവിഡ് ബാധിച്ചു. ഇവരിൽ 1,24,579 പേർ രോഗമുക്തരായി. 94.1 ശതമാനമാണ് രോഗമുക്തി നിരക്ക്. 1,516 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 രോഗികളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് രോഗബാധിതരുടെ എണ്ണം കുറയുന്നതിന്റെ സൂചനയാണെന്നും മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് 84 സജീവ കേസുകളാണ് നിലവിലുള്ളത്.