സൗദി വ്യോമഗതാഗത രംഗത്തെ 28 മേഖലകൾ സ്വദേശീവത്കരിക്കുന്നു

ജിദ്ദ: വ്യോമഗതാഗത രംഗത്തെ 28 മേഖലകളിൽ സ്വദേശീവത്കരണത്തിനൊരുങ്ങി സൗദി അറേബ്യ. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലക്ഷ്യമിട്ടുള്ള നടപടിയിൽ 10000 പേർക്കെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്.

ഇതിനായുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞതായും മൂന്നുവർഷത്തിനകം നടപ്പാക്കാനാകുമെന്നും ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക്ക) അറിയിച്ചു. പൈലറ്റ്, ഫ്ളൈറ്റ് അറ്റൻഡർ, എയർ ട്രാഫിക്ക് കൺട്രോളർ, സൂപ്പർ വൈസർ, ഫ്ളൈറ്റ് യാർഡ് കോഓർഡിനേറ്റർ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, ചരക്ക്, യാത്രക്കാർ, ഫ്ളൈറ്റ് കാറ്ററിങ് തുടങ്ങി എയർ ട്രാൻസ്പോർട്ട് മേഖലയുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകളും സ്വദേശിവത്കരണത്തിന്‍റെ ഭാഗമാണ്. വിഷൻ 2030 ന്‍റെ ഭാഗമായി സിവിൽ ഏവിയേഷൻ മേഖലയെ ശക്തിപ്പെടുത്തുന്നതിനാണ് സ്വദേശിവത്കരണം. 2021, 2022, 2023 എന്നീ മൂന്നുവർഷങ്ങളിലെ നൂതന പ്രവർത്തന പദ്ധതി പ്രകാരമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

പദ്ധതി മാസംതോറു നിരീക്ഷിച്ചു റിപ്പോർട്ടുകൾ തയാറാക്കി അധികാരികൾക്ക് സമർപ്പിക്കാനും വർക്കിങ് ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് സ്വദേശിവത്കരണ നടപടികൾക്ക് തുടക്കമിട്ടിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.