കടലില്‍ എടുത്തു ചാടി അസ്‌റാര്‍ രക്ഷിച്ചത് രണ്ട് ജീവന്‍; ഏറ്റെടുത്ത് സമൂഹമാധ്യമം

ജിസാന്‍: വീശിയടിച്ച തിരമാലകളെ വകവെക്കാതെ ദൈവത്തിന്റെ കൈയൊപ്പുള്ള കൈകളുമായി ധീരയായ ആ വനിത രക്ഷിച്ചത് രണ്ട് കുഞ്ഞു ജീവന്‍. സൗദിയിലെ ജിസാന്‍ പ്രവിശ്യയില്‍ ബിഷിലാണ് രണ്ട് കുട്ടികള്‍ തിരയില്‍പ്പെട്ടത് കണ്ടു തീരത്തൂടെ നടക്കുകയായിരുന്ന അസ്‌റാര്‍ അബു റാസിന്‍ എന്ന വനിതാ നഴ്‌സ് കടലിലേക്ക് നീന്തി കുട്ടികളെ രക്ഷിച്ചത്. ജനുവരി 11നായിരുന്നു കുടുംബത്തോടൊപ്പം കടല്‍ത്തീരത്തൂടെ നടക്കുമ്പോള്‍ കുട്ടികള്‍ അപകടത്തില്‍പ്പെടുന്നത് കണ്ടത്.
അഞ്ചും ആറും വയസുള്ള പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അവരെ കരയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.


കുട്ടികളുടെ മാതാപിതാക്കളാണ് അസ്‌റാര്‍ തങ്ങളുടെ കുട്ടികളെ രക്ഷപ്പെടുത്തിയ വിവരം ലോകത്തെ അറിയിച്ചത്. തുടര്‍ന്ന് സമൂഹ മാധ്യമം ഇത് ഏറ്റെടുക്കുകയും അസ്‌റാറിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു. സൗദി ആരോഗ്യ മന്ത്രാലയവും അനുമോദിക്കാനെത്തി. അസീര്‍ പ്രവിശ്യ ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ ഖാലിദ് ബിന്‍ ആയിദ് അള്‍ അസീരി അസ്‌റയ്ക്ക് സമ്മാനങ്ങളും പുരസ്‌ക്കാരവും നല്‍കി. അരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയ്ക്കും അഭിനന്ദനം അറിയിച്ചു.
അതേസമയം ഒരു മാതാവെന്ന നിലയിലും ആരോഗ്യപ്രവര്‍ത്തക എന്ന നിലയിലും തന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമേ ചെയ്തുള്ളൂവെന്ന് അസ്‌റാര്‍ പറഞ്ഞു.