വീണ്ടും മൂടൽ മഞ്ഞ്; വിമാനങ്ങൾ തിരിച്ചുവിട്ടു

ദുബായ്: യുഎഇയിൽ മൂടൽമഞ്ഞിന് അറുതിയായില്ല. ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം രാജ്യം വീണ്ടും മഞ്ഞിൽ മുങ്ങി. പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞദിവസം അബുദാബിയിൽ പത്തൊൻപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി മരിച്ചിരുന്നു.

കടുത്ത മഞ്ഞിനെത്തുടർന്ന് ഏതാനും വിമാനസർവീസുകൾ വൈകുകയും ചിലത് തിരിച്ചുവിടുകയുമുണ്ടായി. കോഴിക്കോട്ടുനിന്ന് ഷാർജയ്ക്കുള്ള ഇൻഡിഗോ വിമാനവും സിംഗപ്പൂരിൽനിന്നു ഷാർജയ്ക്കുള്ള ചരക്കു വിമാനവും ദുബായിലിറങ്ങി. കെനിയ- ദുബായ് വിമാനം മസ്ക്കറ്റിലേക്കു തിരിച്ചുവിട്ടു.
ദുബായിലും വടക്കൻ എമിറേറ്റുകളിലും റോഡ് അപകടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ല. ഫുജൈറ ഒഴികെ എല്ലാ എമിറേറ്റുകളും മഞ്ഞിൽ മൂടിയിരിക്കുകയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ജനജീവിതം ദുസഹമായി. പലരും സ്വന്തം വാഹനങ്ങൾ ഒഴിവാക്കി മെട്രൊയിൽ യാത്ര ചെയ്യുകയാണ്.