യമനില്‍ ഓപ്പറേഷന്‍ നടത്തുന്നതിനിടെ വൈദ്യുതി നഷ്ടപ്പെട്ടു: സൗദി ഡോക്ടര്‍മാര്‍ മൊബൈല്‍ വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ചു

റിയാദ്: വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിട്ടും മൊബൈല്‍ വെളിച്ചത്തില്‍ ഓപ്പറേഷന്‍ നടത്തി വിജയിപ്പിച്ച സൗദിയിലെ ഡോക്ടര്‍മാരാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറല്‍.

യുദ്ധം കൊണ്ട് ദുരിതമയമായ യമനില്‍ നിന്നാണ് ഏറെ കരളലയിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്. ശസ്ത്രക്രിയക്കിടെ വൈദ്യുത ബന്ധം വിഛേദിക്കക്കപ്പെട്ടതിനെ തുടര്‍ന്ന് മൊബൈല്‍ വെളിച്ചത്തിലാണ് സഊദി സംഘം ഇവിടെ ശസ്‌ത്രക്രിയ പൂര്‍ത്തീകരിച്ചത്. യമനിലെ മൊഖല്ല ഗവര്‍ണറേറ്റിലാണ് ലോകത്തിന്റെ ശ്രദ്ധ പിടിച്ച്‌ പറ്റിയ സംഭവം അരങ്ങേറിയത്. യമനി പൗരന്റെ സര്‍ജറിക്കിടെയാണ് സഊദി മെഡിക്കല്‍ സംഘത്തിന് മൊബൈല്‍ വെളിച്ചത്തില്‍ സര്‍ജറി പൂര്‍ത്തീകരിക്കേണ്ടി വന്നത്. വൈദ്യുബ ബന്ധം പൂര്‍ണ്ണമായി വിഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് സര്‍ജറിക്കാവശ്യമായ മെഷിനറികള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായതോടെ ഏറെ പണിപ്പെട്ടാണ് സംഘം രോഗിയുടെ ജീവന്‍ നില നിര്‍ത്തിയത്. യുദ്ധം കൊണ്ടുണ്ടാകുന്ന ദുരിതത്തിന്റെ നേര്‍ പതിപ്പാണ് സംഭവം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്നത്.

സര്‍ജറി ആരംഭിച്ച്‌ നിമിഷങ്ങള്‍ക്കകം വൈദ്യുതി നിശ്ചലമാകുകയായിരുന്നു. ഉടന്‍ തന്നെ സംഘത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും തങ്ങളുടെ കയ്യിലെ മൊബൈല്‍ തെളിച്ചിച്ച്‌ പ്രകാശം കണ്ടെത്തിയാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചതെന്നു പീഡിയാട്രിക് സര്‍ജനും സഊദി മെഡിക്കല്‍ സംഘം അംഗവുമായ ഡോ: മദനി ഈസ പറഞ്ഞു. ചില അംഗങ്ങള്‍ മൊബൈല്‍ വെളിച്ചം എത്തിച്ച്‌ നല്‍കിയപ്പോള്‍ മറ്റു ചിലര്‍ രോഗിക്ക് വായ കൊണ്ട് ശ്വസനം നില നിര്‍ത്താനായുള്ള ശ്രമത്തിലായിരുന്നു.

മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായപ്പോള്‍ പിന്നെ വായ കൊണ്ട് ഊതിയല്ലാതെ രോഗിയുടെ മിടിപ്പ് നില നിര്‍ത്താന്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കുകയല്ലാതെ ഇവരുടെ മുന്നില്‍ യാതൊരു വഴിയുമില്ലായിരുന്നു.