അഴിമതികേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും

റിയാദ്: സൗദി അറേബ്യയില്‍ അഴിമതികേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥരില്‍ കുറ്റം തെളിഞ്ഞവര്‍ക്ക് തടവും പിഴയും വിധിച്ചു. മില്യണ്‍ കണക്കിന് പണം സമ്പാദിക്കുകയും ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയും വിവിധ തരത്തിലുള്ള സഹായങ്ങള്‍ സ്വീകരിക്കുകയും അനധികൃത ബന്ധു നിയമങ്ങളുമുള്‍പ്പെടെ പദവികള്‍ ദുരുപയോഗം ചെയ്തതിനെതിരെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചത്.

ആരോഗ്യ മന്ത്രാലയത്തിലെ 24 പേര്‍, ജനറല്‍ അതോറിറ്റി ഓഫ് മെട്രോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷനിലെ 15 പേര്‍, മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം (14), യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റികള്‍ (02), മെഡിക്കല്‍, വേസ്റ്റ് ട്രീറ്റ്‌മെന്റ് കമ്ബനി (16) തുടങ്ങി വിവിധ മേഖലകളിലുള്ള 69 പേര്‍ക്കെതിരെയാണ് സൗദി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്‌ഷന്‍ കമ്മീഷന്‍ ശിക്ഷ വിധിച്ചത്.

പൊതു പണം തട്ടിയെടുത്ത കേസില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇദ്ദേഹത്തില്‍ നിന്ന് പണം പൊതു ഖജനാവിലേക്ക് കണ്ടു കെട്ടാനും വിധിയുണ്ട്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ മൂന്ന് വര്‍ഷം തടവും വിധിച്ചു. ഇദ്ദേഹത്തില്‍ നിന്നും സ്വത്ത്‌ കണ്ടു കെട്ടും. ഭവന മന്ത്രാലയത്തിലെ നിരവധി ജീവനക്കാര്‍ കൈക്കൂലിക്കേസില്‍ ശിക്ഷക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനും അനധികൃതമായി സമ്ബാദിച്ച വസ്തുവകകള്‍ കണ്ടു കെട്ടുവാനും വിധിയുണ്ട്.

മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരെ ഭരണപരമായ ദുരുപയോഗം, കൈക്കൂലി കേസുകളില്‍ ശിക്ഷിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും നിയമം അനുശാസിക്കുന്ന പരമാവധി പരിധിയുടെ സാമ്പത്തിക പിഴയുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ (സൈനിക, സിവിലിയന്‍) നിരവധി ജീവനക്കാര്‍ക്കും ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും വിധിച്ചു.