ഭർത്താവിനെ പാർക്കിങ്ങിന് സഹായിക്കുന്നതിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം

അജ്മാൻ: ഭർത്താവ് കാർ പാർക്കു ചെയ്യുന്നതിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം. അജ്മാനിലെ ആശുപത്രി പാർക്കിങ് ഏരിയയിലുണ്ടായ അപകടത്തിൽ മലയാളിയായ ലിജി (45) ആണ് മരിച്ചത്. വാഹനത്തിനു മുന്നിൽനിന്ന് പാർക്ക് ചെയ്യാൻ സഹായിക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഭർത്താവ് അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടിയതിനെത്തുടർന്ന് മുന്നോട്ടെടുത്ത കാർ ലിജിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാറിനും ചുമരിനുമിടയിൽപ്പെട്ട യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു.

വർഷങ്ങളായി യുഎഇയിൽ കഴിയുന്ന ദമ്പതികൾ പതിവു പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. രണ്ടു കുട്ടികളുണ്ട് ദമ്പതിമാർക്ക്. മൂത്ത മകൻ ഇന്ത്യയിൽ എൻജിനീയറിങ്ങിന് പഠിക്കുന്നു. മകൾ യുഎഇയിൽ സ്കൂൾ വിദ്യാർഥിനി. ഇത്തരം അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകി.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.