പത്ത് ലക്ഷം റിയാല്‍ കവര്‍ന്ന വിദേശി ജോലിക്കാര്‍ അറസ്റ്റില്‍

മക്ക: ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് പത്തു ലക്ഷം റിയാല്‍ കവര്‍ന്ന രണ്ടു ശ്രീലങ്കക്കാരെ മക്കയിലെ അല്‍ശറായിഅ് പോലീസ് അറസ്റ്റ് ചെയ്തു. പത്തു ലക്ഷം റിയാല്‍ മോഷണം പോയതായി കമ്പനി അധികൃതര്‍ മക്ക പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെയാണ് മോഷ്ടാക്കളെന്ന് തിരിച്ചറിഞ്ഞത്. കവര്‍ന്ന പണം കാര്‍ട്ടണിലാക്കിയാണ് പ്രതികള്‍ ഒളിപ്പിച്ചിരുന്നത്.

പ്രതികള്‍ കാണിച്ചുകൊടുത്ത സ്ഥലത്തു നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പണം വീണ്ടെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അറസ്റ്റിലായ പ്രതികളുടെയും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ നോട്ടുകെട്ടുകളുടെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.