ജോര്‍ദാനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ യു എ ഇ ആഗ്രഹിക്കുന്നു: അബ്ദുല്ല രണ്ടാമന്‍

അബൂദബി: ഹ്രസ്വ സന്ദര്‍ശനാര്‍ഥം അബൂദബിയിലെത്തിയ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനെ കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. സഹോദരന്‍ അബ്ദുല്ല രണ്ടാമനെ അബൂദബിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ട്വീറ്റ് ചെയ്തു. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് യു എ ഇയും ജോര്‍ദാനും പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

ജോര്‍ദാനുമായുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ യു എ ഇ ആഗ്രഹിക്കുന്നുവെന്നും അബ്ദുല്ല രണ്ടാമന്‍ രാജാവുമായുള്ള ചര്‍ച്ചക്കിടെ അബൂദബി കിരീടാവകാശി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രദേശത്തെ സ്ഥിരതയിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും പ്രതിബദ്ധത പുലര്‍ത്തുന്നുവെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.