അഭ്യൂഹങ്ങൾ കണക്കിലെടുക്കരുത്, വാക്സിൻ സ്വീകരിക്കണം: മക്ക ഇമാം

മക്ക: കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് മക്കയിലെ ഇമാം ഷെയ്ഖ് അബ്ദുള്ള അൽ ജുഹാനി. വാക്സിൻ ഫലപ്രദമല്ലെന്നുള്ള പ്രചാരണങ്ങളെ മുഖവിലയ്ക്കെടുക്കരുതെന്നും അദ്ദേഹം. പ്രതിരോധ വാക്സിന്‍റെ ഫലപ്രാപ്തിയെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ഇമാമിന്‍റെ നിർദേശം. രോഗ ചികിത്സയെ ഇസ്‌ലാം മതം പിന്തുണയ്ക്കുന്നുണ്ടെന്നും വെള്ളിയാഴ്ച നടന്ന ഖുത്തുബയിൽ അദ്ദേഹം വ്യക്തമാക്കി.

സൗദി പൗരന്മാർക്കും മറ്റു പ്രവാസികൾക്കും പ്രതിരോധ വാക്സിൻ സൗജന്യമായി നൽകുന്ന ഭരണകൂടത്തെ അൽജുഹാനി അഭിനന്ദിച്ചു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കരുതിയുള്ള ഭരണകൂട ഇടപെടലുകളെ പ്രകീർത്തിച്ച അദ്ദേഹം വാക്സിൻ ആദ്യം സ്വീകരിച്ചു മാതൃകയായ ഭരണാധികാരികളെ പ്രത്യേകം അഭിനന്ദിച്ചു.

രാജ്യത്തിന്‍റെ ആരോഗ്യ സുരക്ഷയെക്കരുതി ജനം വാക്സിൻ എടുക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.