അബ്ദുല്‍ റഹ്മാന്റെ മയ്യിത്ത് ഹഫര്‍ അല്‍ ബാത്തിനില്‍ മറവ് ചെയ്തു

ഹഫർ അൽ ബാത്തിൻ: ഹൃദയാഘാതം മൂലം മരണപ്പെട്ട ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മച്ചുങ്കൽ വീട്ടിൽ പരേതരായ മുഹമ്മദ് കുഞ്ഞ് അമ്മീൻബി ദമ്പതികളുടെ മകൻ  അബ്ദുൽ റഹ്മാന്റെ (59) മയ്യിത്ത് ഹഫർ അൽ ബാത്തിനിൽ ഖബറടക്കി. കഴിഞ്ഞ ചൊവ്വാഴ്ച്ച മരണപ്പെട്ട ഇദ്ദേഹത്തിന്റെ മയ്യിത്ത് സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഹഫറിൽ നിന്നും ഇരുന്നൂറ് കിലോമീറ്റർ അകലെ സമൂദ എന്ന സ്ഥലത്ത് ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ദേഹാസ്വാസ്ഥ്യം  ഉണ്ടായതിനെത്തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുപത് ദിവസം മുമ്പാണ്  നാട്ടിൽ ലീവിന് പോയി വന്നത്. ഭാര്യ :ആബിദ ബീവി, മക്കൾ :അൻസില, സഫിയത്ത്, സുമയ്യ, മുഹമ്മദ് അജ്മൽ .
ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ നിയമനടപടികൾ പൂർത്തികരിച്ചു ഖബറടക്കത്തിന്  നേതൃത്വം  നൽകി. ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ്‌ മുഹമ്മദ് ഷാഫി വൈലത്തൂർ,അബ്ദുൽ ജബ്ബാർ അമ്പലപ്പുഴ, അനസ് കണ്ണനല്ലൂർ,നിസാർ കൊട്ടപ്പറമ്പിൽ , ഷംനാദ് ബീമാപ്പള്ളി, നസീർ കണ്ണൂർ, നൗഷാദ്   കായംകുളം, സാമൂഹിക പ്രവർത്തകരായ ഷഫീക് ഷാജഹാൻ, നിയാസ് മാഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.