സംസം വെള്ളത്തിന്‍റെ പേരിൽ തട്ടിപ്പ്; വിദേശികൾ പിടിയിൽ

റിയാദ്: സംസം വെള്ളത്തിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ വിദേശികളെ പിടികൂടി. റിയാദ് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിലാണ് സംസം വെള്ളമെന്ന പേരിൽ നഗരത്തിലെ കെട്ടിടത്തിൽ കുടിവെള്ള പ്ലാന്‍റ് നടത്തിയവരെ കണ്ടെത്തിയത്. ഇവിടെനിന്ന് കുപ്പിയിൽ നിറയ്ക്കുന്ന വെള്ളം സംസം എന്ന ലേബൽ ഒട്ടിച്ച് പുറത്തുകൊണ്ടു പോയി വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. പരിശോധനയിൽ കണ്ടെത്തിയ ബോട്ടിലുകൾ സഹിതം പ്രതികളെ പൊലീസിനു കൈമാറി.

മക്കയിലെ സംസം കിണറിൽനിന്നുള്ള വെള്ളം അവിടത്തെ പ്ലാന്‍റിൽനിന്നു തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. വിശ്വാസികൾ പുണ്യജലമായി കണക്കാക്കുന്ന സംസം വെള്ളത്തിന്‍റെ പേരിൽ തട്ടിപ്പു നടത്തിയവർ തീർഥടകരെയും മറ്റും ചൂഷണം ചെയ്തതിന്‍റെ പേരിലുള്ള നിയമനടപടികൾ നേരിടേണ്ടിവരും. മക്കയിലും മദീനയിലും സംസം വെളളം ആർക്കും ലഭ്യമാണ്. വിദൂര മേഖലകളിലേക്കു കൊണ്ടു പോകേണ്ടവർക്ക് അഞ്ചുലിറ്ററിൻ അഞ്ചു റിയാലാണ് ഈടാക്കുന്നത്.

ജനങ്ങളുടെ സൗകര്യം പരിഗണിച്ച് അടുത്തിടെ തെരഞ്ഞെടുത്ത മാളുകൾ വഴിയും സംസം വെള്ളം ലഭ്യമാക്കിയിരുന്നു.