പരിമിതികളെ അതിജീവിച്ച് സൗദിയിലെ വനിതാ സൈനിക എൻജിനീയർമാർ

റിയാദ്: സൈനിക ഫാക്റ്ററിയിൽ സാങ്കേതിക വിപ്ലവം തീർത്ത് നൂറിലേറെ സൗദി വനിതകൾ. ലിംഗപരമായ സാമൂഹിക പരിമിതികളെ അതിജീവിച്ചാണ് രാജ്യത്തെ സാങ്കേതിക പരിവർത്തനത്തിന് ഇവർ നേതൃത്വം നൽകുന്നത്. അഡ്വാൻസ്ഡ് ഇലക്‌ട്രോണിക് കമ്പനി (എഇസി)യുടെ സൈനിക ഫാക്റ്ററി വഴി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഊർജക്ഷമത, സൈനിക വ്യവസായത്തിന്‍റെ പ്രാദേശികവത്കരണം തുടങ്ങിയ മേഖലകളിലെ നിർമാണപ്രവർത്തനങ്ങളിലാണ് ഈ വനിതകൾ ചരിത്രം സൃഷ്ടിച്ച് വൈദഗ്ധ്യം നേടിയിരിക്കുന്നത്.

ഇലക്‌ട്രോണിക് ഉപകരണങ്ങൾ അസംബ്ൾ ചെയ്യൽ, നിർമാണ മേഖലകളിലെ അതിസങ്കീർണമായ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കൽ, ലേസർ ഓപ്റ്റിക്സ്, ഒപ്റ്റോ ഇലക്‌ട്രോണിക് ഉപകരണങ്ങൾ, അഡ്വാൻസ്ഡ് സ്ക്രീനുകൾ എന്നിവയുടെ ഉത്പാദനവും പരിശോധനകളും തുടങ്ങി നിരവധി സുപ്രധാന പ്രോജക്റ്റുകളിൽ ഇവർ പ്രവർത്തിച്ചുവരുന്നു. സൈനിക നിലവാരത്തിലുള്ള പരിശീലനം ലഭിക്കുന്നതിനു പിന്നാലെ ഇവർ ടെക്നിക്കൽ പ്രസന്‍റേഷനുകളിലും കോസ്റ്റ് അനാലിസിസിലും പ്രാഗത്ഭ്യം നേടുന്നു.

നിർമാണ പ്രവർത്തനങ്ങളിലെ സുപ്രധാന റോൾ താൻ വഹിക്കുന്നതെന്ന് എഇസിയിലെ ഷാസ ഖാമിസ് പറയുന്നു. സമയബന്ധിതമായുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഉത്തരവാദിത്തം നിർവഹിക്കാനാകുന്നതെന്നും വേസ്റ്റ് ഫ്രീ ആയുള്ള നിർമാണപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്താനായിട്ടുണ്ടെന്നും അവർ. മികച്ച ടീം സ്പിരിറ്റിൽ പ്രവർത്തിക്കാനാകുന്നതിലൂടെ രാജ്യത്തിനു വലിയ സംഭാവന നൽകാനുകുന്നുണ്ടന്ന് മാനുഫാക്ച്ചറിങ് എൻജിനീയറായ ലന ഒവൈദ.