സൗദിയില്‍ 50 പേരിലധികമുള്ള പരിപാടി സംഘടിപ്പിച്ചാല്‍ 40000 റിയാല്‍ പിഴ; പങ്കെടുക്കുന്നവര്‍ക്ക് 5000 റിയാല്‍ വീതം പിഴ

റിയാദ്: കോവിഡ് സുരക്ഷ പാലിച്ചില്ലെങ്കില്‍ സൗദിയില്‍ സ്ഥാപനങ്ങള്‍ മൂന്നു മാസത്തേക്ക് അടച്ചിടും. പിന്നെയും ലംഘിച്ചാല്‍ ആറുമാസത്തേക്കായിരിക്കും അടച്ചിടുക. കൊറോണവൈറസ് കേസുകള്‍ സൗദിയില്‍ കുറഞ്ഞപ്പോള്‍ ജനങ്ങള്‍ ലാഘവത്തോടെ കാണാതിരിക്കാനാണ് നിയമം കര്‍ശനമാക്കുന്നത്.
അമ്പതിലധികം ആളുകളുടെ കൂട്ടംചേരലുകള്‍ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. ഈ നിര്‍ദേശം ലംഘിച്ചാല്‍ അധികൃതര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും. മലയാളികള്‍ അടക്കം നിരവധി പേര്‍ക്കാണ് നിയമലംഘനത്തിന് ആയിരം റിയാല്‍ അടയ്‌ക്കേണ്ടിവന്നത്. മൂക്കിന് താഴെ അശ്രദ്ധയോടെ മാസ്‌കിട്ടവര്‍ക്കും പിഴ അടയ്‌ക്കേണ്ടിവന്നു.
‘സംസ്‌കാര ചടങ്ങുകള്‍, പാര്‍ട്ടികള്‍ തുടങ്ങിയ സാമൂഹിക ആവശ്യങ്ങള്‍ക്കുള്ള ഒത്തുചേരലുകളില്‍ അമ്പതിലധികം ആളുകള്‍ പങ്കെടുക്കരുതെന്ന് പ്രതിരോധ നടപടികളില്‍ പറയുന്നു’, ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. നിയമലംഘനത്തിന് പ്രേരിപ്പിക്കുന്ന ഏതൊരു സ്ഥാപനത്തിനോ വ്യക്തിക്കോ ഈടാക്കുന്ന പ്രാരംഭ പിഴ 40,000 റിയാലായിരിക്കും. ആരെങ്കിലും ആള്‍ക്കൂട്ടത്തില്‍ പങ്കാളികളായാല്‍ 5,000 റിയാല്‍ ഈടാക്കും. രണ്ടാമതും നിയമം ലംഘിച്ചാല്‍ പിഴ ഇരട്ടിയായി 80,000 ഈടാക്കും. ആള്‍ക്കൂട്ടത്തില്‍ രണ്ടാമതും പങ്കാളികളായാല്‍ പിഴ 10,000 ആയി ഉയരും. മൂന്നാമതും ലംഘിച്ചാല്‍ പിഴ ഇരട്ടിയാക്കുകയും അവരെ പൊതുവിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്യും.
നിയമലംഘനങ്ങള്‍ ശ്രദ്ധിച്ചാല്‍ മക്കയിലും റിയാദിലും ഉള്ളവര്‍ 911 ലും മറ്റ് പ്രദേശങ്ങളില്‍ ഉള്ളവര്‍ 999 ഉം വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.
അതേസമയം, വാക്സിന്‍ ലഭിക്കുന്നതിന് എല്ലാവരും സെഹതി ആപ്പില്‍ ഒരു ഓണ്‍ലൈന്‍ അക്കൗണ്ട് ഉണ്ടാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഒഴികെ ഭാര്യയും മറ്റ് ഗുണഭോക്താക്കളും സെഹതി ആപ്പില്‍ സ്വതന്ത്ര അക്കൗണ്ട് സൃഷ്ടിക്കണം’, മന്ത്രാലയം ട്വീറ്റ് ചെയ്തു.
മുന്‍കൂര്‍ അനുമതി വാങ്ങാതെ നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് 31 മുതല്‍ പൗരന്മാര്‍ക്ക് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ജനുവരി 8 ലെ പ്രസ്താവനയെ തുടര്‍ന്നാണിത്.
ലിബിയ, സിറിയ, ലെബനന്‍, യെമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മേനിയ, സൊമാലിയ, ഡെമക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളില്‍ ഇതുവരെ പുതിയ കൊറോണവൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളിലുള്ള അല്ലെങ്കില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ അടിയന്തരമായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.