റിയാദ്: സൽമാൻ രാജാവിന്റെ റിലീഫ് സെന്ററിൽനിന്ന് സുഡാനിലേക്ക് 21 ടൺ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. പടിഞ്ഞാറൻ ഡാർഫർ മേഖലയിലേക്കുള്ള ഭക്ഷണക്കിറ്റുകൾ 1182 പേർക്ക് നൽകും. കുടുംബത്തിനാവശ്യമായ അവശ്യവസ്തുക്കളടങ്ങുന്ന കിറ്റുകളാണ് നൽകിയത്. ജോർദാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിലേക്കും റിലീഫ് കേന്ദ്രത്തിൽനിന്ന് ഭക്ഷ്യവസ്തുക്കൾ നൽകുന്നുണ്ട്. ജോർദാനിലെ 1565 കുടുംബങ്ങൾക്ക് വിന്റർബാഗുകളും 3130 പുതുപ്പുകളും നൽകി.
യെമനിൽ ഭക്ഷണവിതരണം കൂടാതെ നിരവധി പ്രോജക്റ്റുകളും സൗദി റിലീഫ് സെന്റർ സംഘടിപ്പിക്കുന്നുണ്ട്. അനാഥർക്കും വിധവകൾക്കും പ്രത്യേക ട്രെയ്നിങ് ക്യാംപുകൾ സംഘടിപ്പിച്ച് അവരെ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്നു. 2015ൽ രൂപീകൃതമായതിനു ശേഷം കെഎസ് റിലീഫ് 53 രാജ്യങ്ങളിലായി 442 കോടി ഡോളർ ചെലവിൽ 1329 പ്രോജക്റ്റുകൾ നടപ്പാക്കിയിട്ടുണ്ട്. യെമൻ, പലസ്തീൻ, സിറിയ, സൊമാലിയ എന്നീ രാജ്യങ്ങളിലാണ് ഇതിൽ ഭൂരിഭാഗവും സംഘടിപ്പിച്ചത്.
കെഎസ് റിലീഫിന്റെ ജീവകാരുണ്യ, ദുരിതാശ്വാസ, വികസന പ്രവർത്തനങ്ങൾ ആവശ്യമുള്ള എല്ലാ രാജ്യക്കാർക്കും നൽകി വരുന്നു.