വാക്സിനെടുത്തവർക്ക് “ഹെൽത്ത് പാസ്പോർട്ടുമായി’ സൗദി

റിയാദ്: കോവിഡ് പ്രതിരോധ വാക്സിനെടുത്തവർക്ക് പ്രത്യേക ഡിജിറ്റൽ ഹെൽത്ത് പാസ്പോർട്ടുമായി സൗദി അറേബ്യ. ആരോഗ്യമന്ത്രാലയത്തിന്‍റെ ആപ്പ് വഴി ഈ “പാസ്പോർട്ട് ‘ ലഭിക്കും. വ്യക്തി വിവരം കൂടാതെ വാക്സിൻ എടുത്തതുമായി ബന്ധപ്പെട്ട പൂർണവിവരം ഇതിൽ ഉണ്ടായിരിക്കും.

എല്ലാവരും രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പുതിയ സംരഭം. ആരോഗ്യ മന്ത്രി ഡോ. ത്വഫീക് അൽ റബിയ വ്യാഴാഴ്ച രാവിലെ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാവരും വാക്സിൻ സ്വീകരിക്കുന്നതിനായി ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൂടുതൽ വാക്സിൻ സെന്‍ററുകൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിൻ പ്രചാരണമാണ് രാജ്യത്ത് നടക്കുന്നത്.

സാങ്കേതിക പുരോഗതിയിൽ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥോറിറ്റി വഹിക്കുന്ന നിസ്തുല പങ്കിനെ ഏജൻസിയുടെ മേധാവി അബ്ദുള്ള അൽ ഗംദി ഊന്നിപ്പറഞ്ഞു.