104കാരനില്‍ ഹെര്‍ണിയ ശസ്ത്രക്രിയ വിജയകരമായി നടത്തി


തിരുവനന്തപുരം: 104 വയസ്സുകാരനില്‍ ഹെര്‍ണിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി തിരുവനന്തപുരം ലോര്‍ഡ്സ് ആശുപത്രി. ഇന്‍ഗ്വയ്നല്‍ ഹെര്‍ണിയ (വയറിന്‍റെ അടിഭാഗത്തെ മുഴ) കാരണം ബുദ്ധിമുട്ടിയിരുന്ന പദ്മനാഭന്‍ വൈദ്യര്‍ എന്നയാള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്. നേരത്തെ ഈ അസുഖത്തിന് മറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നെങ്കിലും പ്രായാധിക്യം കാരണം ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി അധികൃതര്‍ മടിച്ചു. ഇതിനെ തുടര്‍ന്നായിരുന്നു ലോര്‍ഡ്സ് ആശുപത്രിയെ സമീപിച്ചത്. ലോര്‍ഡ്സ് ആശുപത്രി ചെയര്‍മാനും ചീഫ് സര്‍ജനുമായ ഡോ.കെ.പി.ഹരിദാസിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ലോര്‍ഡ്സ് ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രോഗിയുടെ ശസ്ത്രക്രിയയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 30 ന് വിജയം കണ്ടത്.

രോഗിയുടെ പ്രായത്തെയല്ല, രോഗത്തെ മാത്രമാണ് തങ്ങള്‍ ചികിത്സിച്ചതെന്നും ഇനിയും ഏറെക്കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ അദ്ദേഹത്തിനാകുമെന്നും ഡോ.കെ.പി.ഹരിദാസ് സന്തോഷം പ്രകടിപ്പിച്ചു. ‘ലാപ്പറോസ്കോപ്പി ചെയ്ത ശേഷം പദ്മനാഭന്‍ വൈദ്യര്‍ പൂര്‍ണ ആരോഗ്യവാനാണ്. 25 വര്‍ഷമായി ബുദ്ധിമുട്ടിച്ചിരുന്ന രോഗം ഭേദമായ ആശ്വാസത്തിലാണ് അദ്ദേഹം’.

ഏറ്റവും സാധാരണയായി കാണുന്ന ഇന്‍ഗ്വയ്നല്‍ ഹെര്‍ണിയ നാഭിപ്രദേശത്താണ് ഉണ്ടാകുന്നത്. വയറിന്‍റെ അടിഭാഗത്ത് പ്രത്യേകിച്ചും കുടല്‍ അല്ലെങ്കില്‍ മൂത്രസഞ്ചിയുടെ ഭാഗത്ത് മുഴച്ചു വരുന്നതാണ് ഇതിന്‍റെ ലക്ഷണം. ഇന്‍ഗ്വയ്നല്‍ ഹെര്‍ണിയ അത്ര അപകടകാരിയല്ല. പക്ഷേ മുഴ വലുതാകുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. ‘ ഇത്തരമൊരു അപകടകരമായ അവസ്ഥയിലായിരുന്നു പദ്മനാഭന്‍ വൈദ്യരെ ലോര്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ ഉടനടി നടത്തണമായിരുന്നു. എന്നാല്‍ ഹെര്‍ണിയക്കു പുറമേ ഛര്‍ദ്ദിയും പോഷകാഹാരക്കുറവു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ശസ്ത്രക്രിയക്കു മുമ്പ് ഛര്‍ദ്ദിയടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് ആരോഗ്യനില മെച്ചപ്പെടുത്തണമായിരുന്നു. പ്രായക്കുറവുള്ള ഒരാളെ ചികിത്സിക്കുന്നതു പോലെ എളുപ്പമായിരുന്നില്ല ഇത്. ഒരു തരം ജീവന്‍മരണ പോരാട്ടം എന്നു പറയാം’ ശസ്ത്രക്രിയയുടെ അനുഭവത്തെപ്പറ്റി ഡോ.ഹരിദാസ് പറയുന്നു.

‘കഴിഞ്ഞ 25 വര്‍ഷമായി അച്ഛന്‍ ഹെര്‍ണിയ കാരണമുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പത്തു വര്‍ഷം മുമ്പ് രോഗാവസ്ഥ വഷളായി. അപ്പോള്‍ അച്ഛന് 94 വയസ്സായിരുന്നു പ്രായം. ഇപ്പോഴത്തെതിനേക്കാള്‍ ആരോഗ്യമുണ്ട്. എന്നാല്‍ ഒറ്റ ആശുപത്രിയും ശസ്ത്രക്രിയ നടത്താന്‍ തയ്യാറായില്ല. പ്രായക്കൂടുതലാണെന്നും ശസ്ത്രക്രിയ ചെയ്താല്‍ രോഗിയുടെ ജീവന്‍ അപകടത്തിലാകുമെന്നുമാണ് കാരണമായി അവര്‍ പറഞ്ഞത്’ ഖത്തറില്‍ ജോലിചെയ്യുന്ന പദ്മനാഭന്‍ വൈദ്യരുടെ മകന്‍ പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കോവിഡ് ഭീതി നിലനില്‍ക്കുമ്പോള്‍ സ്വയംസുരക്ഷ പോലും നോക്കാതെ ഇത്തരമൊരു പ്രയാസമേറിയ ശസ്ത്രക്രിയ നടത്താന്‍ തയ്യാറായ ഡോ.ഹരിദാസിന്‍റെയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരുടെയും വലിയ മനസ്സിനെ ഉണ്ണികൃഷ്ണന്‍ നന്ദിയോടെ സ്മരിച്ചു.

‘ഡിസംബര്‍ 30 ന് ശസ്ത്രക്രിയ കഴിഞ്ഞതിന് പിറ്റേന്നു തന്നെ അച്ഛന്‍ രോഗാവസ്ഥ മറികടന്നു. അഞ്ചു ദിവസം കൊണ്ട് ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടാനുമായി’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.