കോവിഡ് മൂലം നാട്ടിലെത്തിയ 5 ലക്ഷം പ്രവാസികളില്‍ രണ്ടു ലക്ഷം പേര്‍ മടങ്ങിപ്പോയി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടർന്നു സംസ്ഥാനത്തു മടങ്ങിയെത്തിയ പ്രവാസികളിൽ തിരിക്കെ പോയിത്തുടങ്ങിയെന്ന് സെന്‍റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് (സിഡിഎസ്). നാട്ടിലെത്തിയ അഞ്ചുലക്ഷം പേരിൽ രണ്ടുലക്ഷവും തിരിക്കെ പോകുമെന്നാണ് പഠനത്തിലെ വിലയിരുത്തൽ.

രണ്ടുലക്ഷം പേർ സ്ഥിരമായി നാട്ടിലേക്കു മടങ്ങിയെത്തിയവരാണ്. ഒരുലക്ഷത്തോളം പേർക്കാണ് സർക്കാരിന്‍റെ പുനരധിവാസ പദ്ധതിയിൽ സഹായം നൽകേണ്ടിവരികയെന്നു പഠനത്തിനു നേതൃത്വം നൽകുന്ന ഡോ. എസ്. ഇരുദയ രാജൻ. സർക്കാർ നിർദേശപ്രകാരം, 2000 പേരിലാണ് സിഡിഎസ് ഓൺലൈൻ വഴി പഠനം നടത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് പഠനം ഓൺലൈൻ ആക്കിയത്. മടങ്ങിയെത്തിയ പ്രവാസികളിൽ ഇത്തരമൊരു പഠനം രാജ്യത്ത് ആദ്യമായാണ്.

മാർച്ചിൽ പൂർത്തിയാക്കുന്ന പഠനത്തിന്‍റെ റിപ്പോർട്ട ഏപ്രിലിൽ സർക്കാരിനു സമർപ്പിക്കും. പുനരധിവാസ പദ്ധതികൾക്കായി സർക്കാർ സ്വീകരിക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള ശുപാർശയും ഇവർ നൽകും.