വാക്സിനേഷന്‍റെ പേരിൽ സൈബർ തട്ടിപ്പ്; വേണം ജാഗ്രത

റിയാദ്: കോവിഡ്-19 വാക്സിനേഷന്‍റെ പേരിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സൈബർ തട്ടിപ്പു സംഘങ്ങൾ ചോർത്തുന്നതായി ആരോഗ്യ മന്ത്രാലയം. സ്വകാര്യ വിവരങ്ങൾ അന്വേഷിച്ചുള്ള ഇത്തരം ഇന്‍റർനെറ്റ് സന്ദേശങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയത്തിന്‍റെ അറിയിപ്പിൽ പറയുന്നു. വാക്സിനേഷൻ രജിസ്റ്റർ ചെയ്യുന്നതിനായുള്ള ഭരണകൂടത്തിന്‍റെ ഔദ്യോഗിക അറിയിപ്പ് എന്ന വ്യജേനയാണ് സന്ദേശങ്ങൾ എത്തുക. ഇത്തരം തട്ടിപ്പു സന്ദേശങ്ങളുടെ മാതൃക മന്ത്രാലയത്തിന്‍റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ ആളുകൾ പരിഭ്രാന്തരാകുന്നതും വാക്സിനേഷൻ ലഭിക്കുന്നതിന് തിരക്കുകൂട്ടുന്നതുമാണ് സൈബർ തട്ടിപ്പുകാർ മുതലെടുക്കുന്നത്. വ്യാജ സന്ദേശങ്ങളിലൂടെ ആളുകളെ കൈയിലെടുക്കുന്ന ഇത്തരക്കാർ ഡാർക്ക് വെബുകൾ വഴി വ്യാജ വാക്സിൻ വിതരണം ചെയ്യാനും സാധ്യതയുണ്ട്.
കോവിഡ്- 19 നെതിരേയുള്ള വാക്സിൻ ഇതുവരെ സ്വകാര്യ മേഖലയിൽ എത്തിച്ചിട്ടില്ലെന്നും ഗവൺമെന്‍റ് ആശുപത്രികൾ വഴി മാത്രമേ ഇത് ലഭിക്കുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു. ഷിംഗ്രിക്സ്, മേഡേണ, ഫൈസർ/ ബയോ എൻടെക്ക് എന്നീ കമ്പനികളിൽനിന്നുള്ള വാക്സിൻ ഭരണകൂടത്തിനു മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളൂ. ഇവരാരും തന്നെ ഇത് സ്വകാര്യമേഖലയ്ക്കു നൽകുന്നില്ല.
ജനനതീയതികളും ഐഡി നമ്പറുകളും ഉൾപ്പെടെ തട്ടിയെടുക്കുന്ന സൈബർ സംഘങ്ങൾക്ക് ഇവ വലിയ തോതിൽ ദുരുപയോഗം ചെയ്യാൻ സാധിക്കുമെന്നും ജനം വളരെ കരുതലോടെ ഇതിനെ നേരിടണമെന്നും സൈബർ സുരക്ഷാ വിദഗ്ധൻ വാലീദ് അൽ തമീമി അറിയിച്ചു.