ഖത്തറിൽനിന്നുള്ളവർക്ക് ഇനി ബുദ്ധിമുട്ടില്ലാതെ ഹജ്ജും ഉംറയും

റിയാദ്: ഗൾഫ് രാജ്യങ്ങളുടെ ഉപരോധം പിൻവലിച്ചതോടെ ഖത്തറിൽനിന്ന് ഹജ്ജിനും ഉംറക്കും മറ്റുമായി മക്ക, മദീന നഗരങ്ങളിലേക്കെത്തുന്നവരുടെ പ്രശ്നങ്ങൾക്കും പരിഹാരമാകുന്നു. മൂന്നരവർഷം മുൻപ് ഉപരോധം വന്നതോടെ പുണ്യനഗരങ്ങൾ സന്ദർശിക്കാൻ ഖത്തര്‍ പൗരന്‍മാരും അവിടെയുള്ള വിദേശികളും ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ പുതിയ മഞ്ഞുരുക്കം ഈ പ്രതിസന്ധിക്ക് പരിഹാരമാകുകയാണ്.
ഉപരോധം നിലനിൽക്കെത്തന്നെ ഖത്തറില്‍ നിന്നുള്ള ഹജ്ജ്, ഉംറ തീര്‍ഥാടകരെ വിശുദ്ധ ഭൂമിയിലേക്ക് സൗദി ഹജ്ജ് ഉംറ മന്ത്രാലയം സ്വാഗതം ചെയ്തിരുന്നു. ദോഹയിലെ സൗദി എംബസി അടച്ചതിനാൽ സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും സൗദിയുടെ അംഗീകാരമുള്ള ഹജ്ജ്, ഉംറ കമ്പനികളുടെ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന ഖത്തരികള്‍ക്കും അവിടെയുള്ള പ്രവാസികള്‍ക്കും ഹജ്ജിനും ഉംറക്കും എത്താമെന്നുമായിരുന്നു സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നത്. ഖത്തര്‍ എയര്‍വേസ് ഒഴികെയുള്ള വിമാനങ്ങളില്‍ ഇവർക്ക് വരാൻ അനുവാദവും ഉണ്ടായിരുന്നു. എന്നാൽ നേരത്തെ സ്വന്തം വാഹനം മുഖേന കരമാർഗവും മറ്റുമൊക്കെയായി വളരെ എളുപ്പത്തിൽ സൗദിയിലെത്തിയിരുന്ന സൗകര്യങ്ങളെ അപേക്ഷിച്ചു പുതിയ രീതിയിലൂടെ ഉംറക്കെത്തുന്നത് ഖത്തർ പൗരന്മാർക്കും വിദേശികൾക്കും വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കിയതിനാൽ ഖത്തറിൽ നിന്നുള്ള തീർത്ഥാടകർ സൗദിയിലെത്തിയിരുന്നില്ല. ഖത്തറിലുള്ള വിദേശികൾ അവരുടെ സ്വന്തം നാടുകളിലെത്തി അവിടെ നിന്നായിരുന്നു ഉംറക്കും ഹജ്ജിനുമായി സൗദിയിലെത്തിയിരുന്നത്. ഇത്തരം ബുദ്ധിമുട്ടുകൾക്കെല്ലാമാണ് പുതിയ സാഹചര്യത്തിൽ പരിഹാരമാകുന്നത്.