സൗദി- ഖത്തര്‍ കര, നാവിക അതിര്‍ത്തികള്‍ തുറന്നു


റിയാദ്: സൗദിഅറേബ്യ- ഖത്തര്‍ കര, നാവിക അതിര്‍ത്തികള്‍ തുറന്നു. ഉപരോധം പിന്‍വലിക്കുന്നതിന്റെ തുടക്കമെന്നോണമാണ് അതിര്‍ത്തികള്‍ തുറന്നത്. നാലുവര്‍ഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവിലാണ് അതിര്‍ത്തികള്‍ തുറന്നത്. കുവൈത്ത് വിദേശ കാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതോടെ ഉപരോധത്തിലേക്ക് നയിച്ച വിഷയത്തില്‍ ഇരുരാജ്യങ്ങളും കരാറിലെത്തി. ആശയ ഭിന്നതയുള്ള വിഷയങ്ങളില്‍ ചര്‍ച്ച തുടരാനാണ് തീരുമാനം. യു.എസ് വക്താവ് ജെറാള്‍ഡ് കുഷ്‌നറുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഉപരോധം പിന്‍വലിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായത്.
2017 ജൂണ്‍ അഞ്ചിനാണ് തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ അതിര്‍ത്തികളടച്ചു. ഖത്തര്‍ മുസ്ലിം ബ്രദര്‍ഹുഡിനെ സാമ്പത്തികമായി സഹായിക്കുന്നു അല്‍ജസീറ ചാനല്‍ വഴി ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു തുടങ്ങിയവയായിരുന്നു പ്രധാന തര്‍ക്കവിഷയം.
അതേസമയം ജി.സി.സി ഉച്ചകോടി സൗദി അറേബ്യയില്‍ ആരംഭിച്ചു. ജി.സി.സി ഉച്ചകോടിയില്‍ ഉപരോധം അയവുവരുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചയുണ്ടാകും.