ഖത്തര്‍- സൗദി മഞ്ഞുരുകുന്നു

ഖത്തര്‍ അമീറിനെ സ്വീകരിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍. തനത് ഇസ്ലാമിക രീതിയിലാണ് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്. ആദ്യം കൈ കൊടുത്തും പിന്നീട് ആശ്ലേഷിച്ചും. ഇതോടെ കഴിഞ്ഞ മൂന്നുവര്‍ഷമായി മേഖലയില്‍ നിലനിന്നിരുന്ന പ്രതിസന്ധികള്‍ക്ക് മഞ്ഞുരുകിത്തുടങ്ങി.

ഖത്തര്‍ അമീറിന്റെ വരവോടെ മാത്രം 41-ാം ജിസിസി ഉച്ചകോടിയും അതിന് ആതിഥേയത്വം വഹിക്കുന്ന വടക്കുപടിഞ്ഞാറന്‍ നഗരമായ അല്‍ ഉലയും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു.

ഉപരോധം ഇരുചേരികളെയും എത്ര അകറ്റി എന്ന് വ്യക്തമാക്കുന്നതായിരുന്നു 2017ല്‍ സെപ്തംബറില്‍ ഉപരോധത്തിന് എതിരെ ഖത്തര്‍ അമീര്‍ യുഎന്നില്‍ നടത്തിയ പ്രസംഗം. എന്നാല്‍ തൊട്ടടുത്ത വര്‍ഷം മക്കയില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തത് മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കി. നവംബറില്‍ ദോഹയില്‍ നടന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിലേക്ക് സൗദിയും യുഎഇയും ബഹ്‌റൈനും ടീമുകളെ അയച്ചു. ഇത് പുതിയ വഴിത്തിരിവായി. 2017 ജൂണ്‍ അഞ്ചിനാണ് അപ്രതീക്ഷിതമായി ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കപ്പെട്ടത്. സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാഷ്ട്രങ്ങളാണ് ഉപരോധത്തില്‍ പങ്കുചേര്‍ന്നത്. ഖത്തറിനൊപ്പം തുര്‍ക്കിയും ഇറാനും അണിനിരന്നതോടെ അറബ് ലോകത്ത് പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടു.

പ്രതിസന്ധി മറികടക്കാനായി അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ്, യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് ജെറാദ് കുഷ്‌നര്‍ എന്നിവര്‍ ഇടപെടലുകള്‍ നടത്തി. ട്രംപ് അധികാരത്തില്‍ നിന്ന് വിടപറയുന്നതിന് മുമ്പ് പ്രശ്‌നത്തില്‍ പരിഹാരമുണ്ടാകുമെന്ന് നേരത്തെ യുഎസ് പ്രഖ്യാപിച്ചിരുന്നു. 2017 ജൂണ്‍ അഞ്ചിനാണ് അപ്രതീക്ഷിതമായി ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കപ്പെട്ടത്. സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാഷ്ട്രങ്ങളാണ് ഉപരോധത്തില്‍ പങ്കുചേര്‍ന്നത്. ഖത്തറിനൊപ്പം തുര്‍ക്കിയും ഇറാനും അണിനിരന്നതോടെ അറബ് ലോകത്ത് പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടു.