സൗദിയില്‍ വിദേശികള്‍ക്കു നേരെ പ്ലാസ്റ്റിക് തോക്ക് ചൂണ്ടി കവര്‍ച്ച; രണ്ടു പേര്‍ പിടിയില്‍

ദമാം: പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിദേശ തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുന്ന സംഘത്തെ കിഴക്കന്‍ പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായത്. വിദേശികളെ പ്ലാസ്റ്റിക്ക് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം പിടിച്ചുപറികള്‍ നടത്തിയിരുന്നത്. ദമാം, ദഹ്‌റാന്‍, ഖത്തീഫ് എന്നിവിടങ്ങളില്‍ സമാന രീതിയില്‍ 63 പിടിച്ചുപറികള്‍ നടത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. പണവും വിലപിടിച്ച വസ്തുക്കളും അടക്കം 60,000 ഓളം റിയാലാണ് സംഘം പിടിച്ചുപറിച്ചത്.