സൗദിയില്‍ അഴിമതികേസില്‍ നിരവധി പ്രമുഖര്‍ അറസ്റ്റിലായി

റിയാദ്: സൗദി അറേബ്യയില്‍ അഴിമതി കേസില്‍ മുന്‍ മേജര്‍ ജനറലടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട് 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
രാജ്യസുരക്ഷ വിഭാഗത്തില്‍ നിന്ന് വിരമിച്ച മേജര്‍ ജനറല്‍, വ്യവസായ പ്രമുഖര്‍, റെഡ് ക്രസന്റ് അതോറിറ്റിയിലെ സാമ്പത്തിക വിഭാഗം മേധാവി, മുന്‍ അംബാസഡര്‍മാര്‍, സക്കാത്ത് ആന്‍ഡ് ടാക്‌സ് ഉദ്യോഗസ്ഥന്‍, കോടതി ഉദ്യോഗസ്ഥന്‍, യൂണിവേഴ്‌സിറ്റി ജീവനക്കാരന്‍, ബലദിയ മുന്‍ മേധാവി, പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍, നാവികസേന ഉദ്യോഗസ്ഥര്‍, നാര്‍കോട്ടിക് കണ്‍ട്രോള്‍ ദേശീയ സമിതി മുന്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയവരാണ് പിടിയിലായത്. ഇവരെ കൂടാതെ ചില സ്വദേശി പൗരന്മാരും വിദേശികളും കേസിലെ പ്രതികളാണ്. കൈക്കൂലി, പദവി ദുരുപയോഗം ചെയ്യല്‍, പൊതുമുതല്‍ കൈയേറുക തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് കേസ്. ബ്രിഗേഡിയറും മേജര്‍ ജനറലും ഉപദേഷ്ടാവും രണ്ട് ബിസിനസുകാരും രണ്ട് അറബി വംശജരും ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയി ക്രമക്കേടിലും സാമ്പത്തിക ഇടപാടിലുമാണ് പിടിയിലായത്. ഒരു കോടി പത്ത് ലക്ഷം റിയാലാണ് ഇവര്‍ തട്ടിയെടുത്തത്.
ഭൂമി വാങ്ങിയ കേസിലാണ് റെഡ് ക്രസന്റ് സാമ്പത്തിക വിഭാഗം ഡയറക്ടര്‍ ജനറല്‍ കുടുങ്ങിയത്.