സൗദിയില്‍ കോവിഡ് പരിശോധന ശക്തം; തെരുവ് കച്ചവടക്കാരും പിടിയില്‍

റിയാദ്: കോവിഡ് മുന്‍കരുതല്‍ പാലിക്കാത്തവ നിരവധി പേര്‍ പിടിയില്‍.സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപനങ്ങളിലും തെരുവുകളിലുമെല്ലാം പരിശോധന തുടരുന്നു.
ഇവരുടെ പേരില്‍ തല്‍ക്ഷണം പിഴ രേഖപ്പെടുത്തി. മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് പൊതുസ്ഥലങ്ങളില്‍ പരിശോധനകള്‍ തുടരും.
അല്‍ജൗഫ് വാണിജ്യ മന്ത്രാലയ ശാഖാ ഉദ്യോഗസ്ഥര്‍ ഏതാനും ദിവസങ്ങള്‍ക്കിടെ പ്രവിശ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പത്തു സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് ഏതാനും സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തു. മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശ്രമിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ 226 സ്ഥാപനങ്ങളിലാണ് അല്‍ജൗഫ് വാണിജ്യ മന്ത്രാലയ ശാഖാ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്. നിയമ ലംഘനങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തിയതായി അല്‍ജൗഫ് വാണിജ്യ മന്ത്രാലയ ശാഖാ മേധാവി സാമി അല്‍റുവൈലി പറഞ്ഞു.
റിയാദിലെ ബത്തയില്‍ ഇന്നും നിരവധി പേര്‍ക്ക് ഫൈന്‍ ലഭിച്ചു. രാവിലെ നടന്ന പരിശോധനയില്‍ അനധികൃത തെരുവു കച്ചവടക്കാരും പിടിയിലായി. ഇന്നലെയും പരിശോധന നടന്നു. വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.