സൗദി അറേബ്യയില്‍ വീടിന് തീപ്പിടിച്ച്‌ മൂന്നു കുട്ടികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വീടിന് തീപ്പിടിച്ച്‌ മൂന്നു കുട്ടികള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജിസാന്‍ പ്രവിശ്യയില്‍പെട്ട അബൂഅരീശിലാണ് അപകടം നടന്നത്. മൂന്നിനും എട്ടിനും ഇടയില്‍ പ്രായമുള്ള രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്.

അബൂഅരീശിലെ കിംഗ് ഫൈസല്‍ റോഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ താമസസ്ഥലത്താണ് ദുരന്തം.അതേസമയം, മരിച്ച മൂന്നു കുട്ടികളെയും മുറിക്കകത്ത് ചങ്ങലകളില്‍ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മാനസിക വൈകല്യമുള്ള കുട്ടികള്‍ വീട്ടില്‍ നിന്ന് പുറത്തുപോയേക്കുമെന്ന് ഭയന്നാണ് ചങ്ങലകളില്‍ ബന്ധിച്ചതെന്ന് പിതാവ് പറഞ്ഞു.അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.