എയര്‍ ഇന്ത്യ അധിക സര്‍വീസ് തുടങ്ങി

മസ്​കത്ത്​: എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ ജനുവരി ഒന്നിന്​ കൊച്ചിയില്‍നിന്ന്​ മസ്​കത്തിലേക്കും തുടര്‍ന്ന്​ മസ്​കത്തില്‍നിന്ന്​ കണ്ണൂരിലേക്കും അധിക സര്‍വിസ് പ്രഖ്യാപിച്ചു. ചൊവ്വാഴ്​ച പുലര്‍​ച്ച മുതലാണ്​ രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നത്.

വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന്​ യാത്ര മുടങ്ങിയവര്‍ക്ക്​ ഈ സര്‍വിസ്​ ഗുണം ചെയ്യും. കൊച്ചിയില്‍നിന്ന്​ രാവിലെ ഏഴിന്​ പുറപ്പെടുന്ന വിമാനം ഒമ്ബതു​ മണിക്ക്​ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തും. മസ്​കത്തില്‍നിന്ന്​ 10​ മണിക്ക്​ പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകീട്ട്​ 3.15ന്​ കണ്ണൂരിലെത്തും.

കോവിഡ്​ വ്യാപനം തടയുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത വിമാന കമ്ബനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ധാരണപ്രകാരമുള്ള വിമാന സര്‍വിസുകള്‍ തടസ്സമില്ലാതെ തുടരുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.