സ്വന്തം മകളെ കാണാന്‍ അനുവദിക്കാത്ത മുന്‍ ഭാര്യയ്ക്ക്‌ 2.6 ലക്ഷം രൂപ പിഴ

സ്വന്തം മകളെ കാണാന്‍ അനുവദിക്കാത്തതിന് യുവതിക്ക് 2.6 ലക്ഷം രൂപ പിഴ. മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിന് അവസരം നല്‍കാത്ത യുവതിക്ക് 13,000ദിര്‍ഹം( 2.6 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ച് അബൂദബി കോടതി. തന്റെ മാതാവിന് മരിക്കുന്നതിന് മുമ്പ് കൊച്ചുമകളെ കാണാന്‍ ആഗ്രഹമുണ്ടെന്നും ഇതിനായി സമീപിച്ചപ്പോഴൊന്നും മുന്‍ ഭാര്യ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 

100,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്. യുവതി 10,000ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കീഴ്ക്കോടതി ഉത്തരവിട്ടെങ്കിലും വിധിയില്‍ യുവതി അപീല്‍ കോടതിയെ സമീപിച്ചു. യുവതിയുടെ അപീല്‍ പരിഗണിച്ച കോടതി നഷ്ടപരിഹാരമായി 13,000 ദിര്‍ഹം മുന്‍ ഭര്‍ത്താവിന് യുവതി നല്‍കണമെന്ന് വിധിക്കുകയായിരുന്നു. ഇതിന് പുറമെ കോടതി നടപടിയുടെ ചെലവും യുവതി വഹിക്കണം.
ഒമ്പത് തവണയാണ് മുന്‍ ഭര്‍ത്താവിന് മകളെ കാണാനുള്ള അവസരം യുവതി നിഷേധിച്ചതെന്ന് ‘എമിറാത് അല്‍ യോം’ റിപോര്‍ട് ചെയ്തു.