സൗദിയില്‍ വിദേശികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന തുടങ്ങി

സൗദിയില്‍ വിദേശികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന തുടങ്ങി. അസീർ നഗരസഭക്കു കീഴിലെ വിദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പരിശോധന നടത്തി.

കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ നടപടികളും നിയമാനുസൃത വ്യവസ്ഥകളും ആരോഗ്യ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശ്രമിച്ച് സർക്കാർ വകുപ്പുകൾക്കും സ്വകാര്യ കമ്പനികൾക്കും കീഴിലെ തൊഴിലാളികൾ കഴിയുന്ന ക്യാമ്പുകളിലും കോംപൗണ്ടുകളിലും നഗരസഭാ സംഘങ്ങൾ പരിശോധനകൾ നടത്തി. സിവിൽ ഡിഫൻസും സുരക്ഷാ വകുപ്പുകളും റെയ്ഡിൽ പങ്കെടുത്തു. 
നിയമ, ആരോഗ്യ വ്യവസ്ഥകളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശ്രമിച്ച് വിദേശ തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങളിൽ പ്രത്യേക കമ്മിറ്റികൾ പരിശോധനകൾ തുടരുന്നതായി അസീർ മേയർ ഡോ. വലീദ് അൽഹുമൈദി പറഞ്ഞു. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി, കൊറോണ വൈറസ് വ്യാപനം തടയുന്ന മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്നും താമസസ്ഥലങ്ങളിൽ വ്യവസ്ഥകൾ പൂർണമാണെന്നും പരിശോധനകളിലൂടെ ഉറപ്പുവരുത്തുന്നുണ്ട്. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശ ഗൈഡിൽ അടങ്ങിയ വ്യവസ്ഥകളും മാനദണ്ഡങ്ങളും താമസസ്ഥലങ്ങളിൽ പൂർണമാണെന്നും ഉറപ്പുവരുത്തുന്നുണ്ട്.
നഗരസഭക്കു കീഴിലെ നിരീക്ഷണ സംഘങ്ങൾ വിദേശ തൊഴിലാളികൾ കൂട്ടത്തോടെ കഴിയുന്ന 18 കോംപൗണ്ടുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനകൾ നടത്തിയത്.

നഗരസഭക്കു കീഴിലെ ശുചീകരണ തൊഴിലാളികൾ താമസിക്കുന്ന ആലുയൂസുഫിലെയും അൽദുബാബിലെയും ബനീമാലിക്കിലെയും കോംപൗണ്ടുകൾ, ബെയ്തുൽ അറബ്, അൽഹബാരി, അൽറാശിദ്, അൽറാബിയ, അൽവജീഹ് അടക്കമുള്ള സ്വകാര്യ കമ്പനികളുടെ ഹൗസിംഗ് കോംപൗണ്ടുകൾ എന്നിവിടങ്ങളിലെല്ലാം പരിശോധനകൾ നടത്തി. ഇവിടങ്ങളിൽ 2,213 തൊഴിലാളികൾ കഴിയുന്നുണ്ട്.