ജയകുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും

അല്‍ഖോബാര്‍: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച കായംകുളം പള്ളിക്കല്‍ നടുവിലേമുറി തറയില്‍ കിഴക്കതില്‍ ജയകുമാര്‍ ശിവരാജിന്റെ(52) മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും. ജനിതകമാറ്റം വന്ന കോവിഡ് സുരക്ഷയ്ക്കായി സൗദി അറേബ്യയില്‍ ഏഴ് ദിവസത്തേക്ക് വിമാന വിലക്കാണ്. അതേസമയം വീണ്ടും ഏഴു ദിവസത്തേക്ക് കൂടി തുടരുന്നതിനുള്ള സാധ്യത കൂടുതലാണ്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറിലാണ് ജയകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഓഫീസില്‍ എത്താതിരുന്ന അദ്ദേഹത്തെ മറ്റ് ചില ആവശ്യങ്ങള്‍ക്കായി സഹപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ചെറിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്നും ആശുപത്രിയില്‍ പോയതിനുശേഷമേ വരികയുള്ളുവെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണില്‍ ലഭ്യമാകാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
19 വര്‍ഷമായി സൗദിയിലുള്ള ജയകുമാര്‍ ഒമ്പത് വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലകസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: റജിമോള്‍. മകന്‍: ജിതിന്‍.