കോവിഡ് വാക്‌സിന്‍ കേന്ദ്രം ജിദ്ദയിലും ആരംഭിച്ചു


ജിദ്ദ: കോവിഡ് വാക്‌സിന്‍ കേന്ദ്രം ജിദ്ദയിലും ആരംഭിച്ചു. റിയാദിന് ശേഷം ജിദ്ദയില്‍ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ ദക്ഷിണ ടെര്‍മിനലിലാണ് കോവിഡ് വാക്‌സിനേഷനായി പ്രത്യേക കേന്ദ്രം ആരംഭിച്ചത്. കോവിഡ് വാക്‌സിനേഷന്‍ നല്‍കാനായി 84 ക്ലിനിക്കുളും പ്രവര്‍ത്തിക്കും. റിയാദില്‍ 550 ക്ലിനിക്കുകളിലാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായ ആരോഗ്യ സുരക്ഷ നല്‍കുന്ന കാര്യത്തില്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) പ്രസിഡന്റ് അബ്ദുല്‍ഹാദി അല്‍ മന്‍സൂരി നന്ദി അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സൗജന്യ വാക്‌സിനേഷന്‍ എടുക്കാന്‍ സെഹതി ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം സൗദികളോടും പ്രവാസികളോടും നിര്‍ദ്ദേശിച്ചു.