ഹര്‍ഷത്ത് മേത്ത മോഡലില്‍ സൗദിയിലും സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പ്; 11 പേര്‍ക്കെതിരേ നടപടി

റിയാദ്: ഹര്‍ഷത്ത് മോഡലില്‍ സൗദിയിലും സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പ്. സൗദി സ്റ്റോക്ക് മാര്‍ക്കറ്റില്‍ തിരിമറി നടത്തിയ 11 പേര്‍ക്കെതിരേ സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി നടപടിക്ക് ശുപാര്‍ശ ചെയ്തു. അനാം ഹോള്‍ഡിംഗ്, അല്‍ ഖാത്തിരി എന്നിവയുടെ ഓഹരികളില്‍ കഴിഞ്ഞ 11 മാസമായി നടത്തിയ തിരിമറികള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഓഹരി വില കൂട്ടാന്‍ നിയമവിരുദ്ധമായി പര്‍ച്ചേസ് ഓര്‍ഡറുകള്‍ എന്റര്‍ ചെയ്താണ് ഇവര്‍ വലിയ വിലയ്ക്ക് ഓഹരികള്‍ വിറ്റത്. തട്ടിപ്പ് നടത്തിയതിന്റെ ഫലമായി അനാം ഹോള്‍ഡിംഗിന്റെ ഓഹരി 1106 ശതമാനം ഉയര്‍ന്നിരുന്നു. കമ്പനിയുടെ ഓഹരി വില ഏറ്റവും താഴെ 18.44 റിയാലില്‍ നിന്ന് 222.4 റിയാലിലേക്ക് ഉയര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി. അല്‍ ഖാത്തിരി കമ്പനിയുടെ ഓഹരി മൂല്യവും 224 ശതമാനം കണ്ട് വര്‍ധിച്ചു.
ഓഹരി കമ്പോളത്തിലെ തട്ടിപ്പുകള്‍ക്കെതിരേ നിരീക്ഷണം ശക്തമാക്കിയതായും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 1992ല്‍ ഹര്‍ഷത്ത് മേത്തയുടെ നേതതൃത്വത്തിലാണ് ഒരു ബില്യന്‍ ഡോളറിന്റെ തട്ടിപ്പ് നടത്തിയത്. കൃത്രിമമായി ഓഹരിവില കയറ്റാന്‍ ശ്രമിച്ചതാണ്. പിന്നീട് പലരും ചെറിയ രീതിയില്‍ തട്ടിപ്പ് നടത്തുകയും പിടിക്കപ്പെടുകയും ചെയ്തു.