രണ്ടരമാസത്തിനിടെ മക്കയിലും മദീനയിലുമായി എത്തിയത് 45 ലക്ഷം തീര്‍ഥാടകര്‍

മക്ക: രണ്ടര മാസത്തിനിടെ ഉംറ നിര്‍വഹിക്കുന്നതിനും സന്ദര്‍ശനത്തിനുമായി മക്കയിലും മദീനയിലുമായി എത്തിയത് 45 ലക്ഷം തീര്‍ഥാടകര്‍. അതേസമയം ജനിതക മാറ്റം വന്ന വൈറസ് യൂറോപ്പില്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറ വിസ താല്കാലികമായി നിര്‍ത്തിവെച്ചതായി ഹജ്ജ്, ഉംറ സൗദി ദേശീയ സമിതി അധ്യക്ഷന്‍ മാസിന്‍ ദറാര്‍ അറിയിച്ചു.
ഈയാഴ്ച ഉംറയ്ക്ക വരാന്‍ നിശ്ചയിച്ചിരുന്നവര്‍ക്ക് വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ വരാന്‍ കഴിയും. നിലവില്‍ വിദേശികളായ 300 തീര്‍ഥാടകര്‍ മക്കയിലുണ്ട്.
എട്ടു മാസമായി നിര്‍ത്തിവെച്ചിരുന്ന ഉംറ തീര്‍ഥാടനം ഒക്ടോബര്‍ നാലിന് ആരംഭിച്ച ശേഷം ഈ ആഴ്ചയിലെ തുടക്കം വരെയാണ് 45 ലക്ഷം പേര്‍ മക്കയിലും മദീനയിലുമായി എത്തിയത്. ഒക്ടോബര്‍ 18 വരെ സൗദിയ്ക്കകത്തെ തീര്‍ഥാടകരായ ആറായിരം പേര്‍ക്കും അതിന് ശേഷം 15000 മുതല്‍ 40000 വരെ അനുവദിച്ചു.
നവംബര്‍ ഒന്നു മുതല്‍ 20000 പേര്‍ക്ക് ഉംറ നിര്‍വഹിക്കാനും 60000 പേരെ ഹറമില്‍ പ്രവേശിക്കാനും അനുമതിയുണ്ട്.