ഇത്തവണ തണുപ്പ് മാര്‍ച്ച് 20 വരെ; വിന്റര്‍ വ്യാപാരം തകൃതി

റിയാദ്: സൗദി അറേബ്യയില്‍ തണുപ്പ് ശക്തമായതോടെ വിന്റര്‍ വ്യാപാരവും തകൃതി. കമ്പിളി വസ്ത്രങ്ങള്‍ക്കാണ് ഈ സീസണില്‍ ഏറ്റവും ഡിമാന്‍ഡ്. പുതപ്പ്, കമ്പിളി ഷാള്‍, തണുപ്പിനെ അതിജീവിക്കാനുള്ള അടിവസ്ത്രങ്ങള്‍, സോക്‌സുകള്‍ ഇങ്ങനെ വസ്ത്രവിപണി സജീവമായിക്കഴിഞ്ഞു.
മാളുകളിലും വസ്ത്രവ്യാപാര കേന്ദ്രങ്ങളിലും നല്ല തിരക്കാണ്. ബത്ഹയിലെ കമ്പിളി മൊത്ത വ്യാപാര കടകള്‍ ഒരു മാസമായി നല്ല തിരക്കിലാണ്. റിയാദ് പ്രവിശ്യയിലെ ഗ്രാമങ്ങളിലടക്കം ചെറുകിട കച്ചവടസ്ഥാപനങ്ങളിലേക്ക് ഇവിടെ നിന്നാണ് പ്രധാനമായും കമ്പിളി വസ്ത്രങ്ങള്‍ വാങ്ങുന്നത്.
അതേസമയം തണുപ്പില്‍ കഴിക്കേണ്ട ആഹാരസാധനങ്ങള്‍ക്കും നല്ല ഡിമാന്‍ഡാണ്. ഹീറ്ററുകള്‍ക്കും നല്ല ചെലവുണ്ട്. മരുഭൂമികളില്‍ ടെന്‍ഡുകളുണ്ടാക്കി തീ കായുന്നതിനുള്ള സാധനങ്ങള്‍ക്കും ഇത്തവണ കച്ചവടം കൂടിയെന്നും വ്യാപാരികള്‍ പറയുന്നു.
കോവിഡ് മൂലം പ്രതിസന്ധിയിലായ വിപണിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായത്. മൂന്നു മാസത്തോളം തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഡിസംബര്‍ 21 മുതലാണ് ശൈത്യകാലം സൗദിയില്‍ ആരംഭിച്ചത്. മാര്‍ച്ച് 20 വരെ തണുപ്പ് തുടരും. കിഴക്കന്‍ പ്രവിശ്യയില്‍ ഇത്തവണ മൈനസ് ഒന്നിലേക്ക് എത്തുമെന്നാണ് പ്രവചനം. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഒരു ഡിഗ്രിയിലേക്ക് ചൂട് താഴും.