ഫൈസറിന്റെ കോവിഡ് വാക്‌സീന് ഖത്തറിന്റെ അനുമതി

ദോഹ : വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ഫൈസറും ബയോടെക്കും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ്-19 വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.

കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കില്ല.വിതരണത്തിനുള്ള വാക്‌സീന്‍ ഇന്നെത്തും. അതേസമയം കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുന്നതിന് മന്ത്രാലയത്തിലെ ഫാര്‍മസി-ഡ്രഗ് നിയന്ത്രണ വകുപ്പ് അനുമതി നല്‍കിയിട്ടില്ല. 16 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ വാക്‌സീന്‍ നല്‍കുകയുള്ളു. അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കില്ല.

അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നതിന് മുന്‍പ് അക്കാര്യം ഡോക്ടറോട് പറയുകയും വേണം.പ്രാഥമിക ഘട്ടത്തില്‍ വയോധികര്‍, പ്രമേഹം, ആസ്തമ, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയുള്ളവര്‍, ആരോഗ്യമേഖലയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സീന്‍ നല്‍കുക.

രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാക്‌സീന്‍ സൗജന്യമാണ്.ഫൈസര്‍ കൂടാതെ മോഡേണയുമായും ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. അടുത്തവര്‍ഷം ആദ്യം മോഡേണയുടെ വാക്‌സീന്‍ എത്തുമെന്നാണ് നേരത്തെയുള്ള പ്രഖ്യാപനം.

യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും ഫൈസറിന്റെ കോവിഡ് വാക്‌സീന് അനുമതി നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളെ കോവിഡ് വാക്‌സീന്‍ സംബന്ധമായ കൃത്യമായ വിവരങ്ങള്‍ യഥാസമയം അറിയിക്കാന്‍ പുതിയ വെബ്‌പേജ് മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.