യാത്രാവിലക്ക്; യു.എ.ഇയില്‍ കുടുങ്ങിയത് ആയിരക്കണക്കിന് മലയാളികള്‍

സൗദി, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്

റിയാദ്: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ യാത്രാവിലക്ക് തുടരുന്നു. സൗദിക്കു പുറമെ ഒമാനിലും അന്താരാഷ്ട്ര യാത്രാവിലക്ക് പ്രാപല്യത്തില്‍ വന്നു. അതേസമയം സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ വിസാ കാലാവധി കഴിയുന്നതിനു മുമ്പ് ദുബായി വഴി പോകാന്‍ ശ്രമിച്ച മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ദുബായില്‍ പെട്ടു. ഇവരില്‍ അധികവും മലയാളികളാണ്. പലരും ദുബായില്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുകയാണ്. ഇന്നു സൗദിയിലേക്ക് മടങ്ങേണ്ടവര്‍ അടക്കം പെട്ടു. ഇനി ദുബായിയില്‍ കഴിയണമെങ്കില്‍ വീണ്ടും ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നതടക്കം ചെലവ് ഏറെയാണ്.
അതേസമയം നാട്ടില്‍ നിന്ന് ദുബായ് വഴി വരാന്‍ നിന്നവരും ആകെ പെട്ടിരിക്കുകയാണ്. അതേസമയം സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ യുഎഇയും റദ്ദാക്കി . ഇനി അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാനസര്‍വീസ് നിര്‍ത്തിവെച്ചതായാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സും ഇത്തിഹാദ്, എയര്‍ അറേബ്യ എന്നീ വിമാന കമ്ബനികളും അറിയിച്ചിട്ടുള്ളത്.
സൗദിക്ക് പിന്നാലെ ഒമാനും അതിര്‍ത്തികള്‍ അടച്ചു. അതേ സമയം ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മുടങ്ങിയവര്‍ക്ക് വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും വിമാന കമ്പനികള്‍ ഇതോടൊപ്പം അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൌദി അധികൃതരുടെ നിര്‍ദേശം അനുസരിച്ചുകൊണ്ടാണ് വിമാന സര്‍വീസ് നിര്‍ത്തിവെച്ചിട്ടുള്ളതെന്ന് ഇത്തിഹാദ എയര്‍വേയ്‌സും വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് അടുത്ത ഒരാഴ്ചത്തേക്ക് സൌദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇയുടെ നീക്കം.
ഈ വൈറസിന്റെ സ്വഭാവത്തെക്കുറിച്ചുള്ള മെഡിക്കല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതുവരെ ഒരാഴ്ചത്തെ നിരോധനം തുടരും. ഇതിന് ശേഷം വിമാന നിരോധനം നീട്ടിയേക്കാമെന്നു സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ കര, കടല്‍ തുറമുഖങ്ങളും ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ചരക്കുവിമാനങ്ങളെയും വിതരണ ശൃംഖലകളെയും ഈ നിയന്ത്രണങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു യൂറോപ്യന്‍ രാജ്യത്ത് നിന്ന് മടങ്ങിയെത്തുകയോ ബ്രിട്ടന്‍ വഴി കടന്നുപോകുകയോ ചെയ്തിട്ടുള്ളവര്‍ ഉടന്‍ തന്നെ കൊറോണ വൈറസ് പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.