സൗദി അറേബ്യയില്‍ തട്ടിപ്പ് നടത്തിയാല്‍ അഞ്ചുവര്‍ഷം തടവും 20 ലക്ഷം റിയാല്‍ പിഴയും

റിയാദ്: സൗദി അറേബ്യയില്‍ അക്കൗണ്ടിങ്ങില്‍ തട്ടിപ്പ് നടത്തിയാല്‍ അഞ്ചുവര്‍ഷം തടവും 20 ലക്ഷം റിയാല്‍ പിഴയും ലഭിക്കും വിധം നിയമം പരിഷ്‌കരിച്ചു. ഈ മാസാവസാനത്തോടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്‍റുമാരുടെ പ്രവര്‍ത്തന ഗുണമേന്മ ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ് നിയമം പരിഷ്‌കരിക്കുന്നത്.

അക്കൗണ്ടിങ് മേഖലയിലെ കൃത്രിമങ്ങള്‍ തടയുന്നതിന് പുതിയ നിയമം സഹായകരമാകും. നിയമ വിരുദ്ധമായി തട്ടിപ്പുകളിലേര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതായിരിക്കും പരിഷ്‌കരിച്ച നിയമമെന്ന് സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അകൗണ്ടന്റ് സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് അല്‍ഗാമിസ് പറഞ്ഞു.

നിലവിലെ നിയമത്തില്‍ മുന്നറിയിപ്പ് നല്‍കുക, സസ്പെന്‍ഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുക എന്നിവയായിരുന്നു ജുഡീഷ്യല്‍ നടപടിക്ക് മുമ്ബുള്ള നടപടി. അതിനുള്ള കാലാവധി ആറ് മാസം വരെയായിരുന്നു. അത് ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കും.

തെറ്റായ കണക്കുകള്‍ ഉള്‍പ്പെടുത്തി കൃത്രിമ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, ഇത്തരം റിപ്പോര്‍ട്ടുകളില്‍ ഒപ്പുവെക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും വിധമാണ് നിയമ പരിഷ്കാരം.