സൗദിയില്‍ ഓറഞ്ച് ‘സീസണ്‍’ തുടങ്ങി; വില 3 റിയാല്‍ മുതല്‍

റിയാദ്: സൗദിയില്‍ ഓറഞ്ചിന്റെ വ്യാപാര സീസണ്‍ തുടങ്ങി. ഈജിപ്റ്റ്, യമന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും സൗദിയിലേക്ക് ഓറഞ്ച് എത്തുന്നത്. ഓറഞ്ച് കൃഷിചെയ്യുന്ന രാജ്യങ്ങളില്‍ സീസണായതോടെയാണ് സൗദിയിലും വ്യാപകമായി ഓറഞ്ച് എത്തിത്തുടങ്ങിയത്. ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സൗദിയില്‍ ഓറഞ്ച് ലഭിക്കുന്നുണ്ട്.
മൂന്നു റിയാല്‍ മുതല്‍( ഏകദേശം 60 രൂപ) ഓറഞ്ച് ലഭിക്കും. സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളില്‍ മാതളം(റുമാന്‍) വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും ഓറഞ്ച് കാര്യമായിട്ടില്ല.
അതേസമയം ഈജിപ്റ്റില്‍ 17 ലക്ഷം ടണ്‍ ഓറഞ്ചാണ് കഴിഞ്ഞ വര്‍ഷം വിളവെടുത്തത്. ഈജിപ്റ്റില്‍ നിന്ന് സൗദി അടക്കമുള്ള രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് ഓറഞ്ച് ഇറക്കുമതിയുണ്ടെങ്കിലും വര്‍ഷം 51 ലക്ഷം രൂപയുടെ മാത്രമേയുള്ളൂ. അതേസമയം ഒമാന്‍ 6.41 കോടി രൂപ, കുവൈറ്റ് 7.7 കോടി രൂപ, യു.എ.ഇ 40 കോടിരൂപ, നേപ്പാള്‍- 337 കോടി രൂപ, ബംഗ്ലാദേശ്-2028 കോടി രൂപ എന്നിങ്ങനെയാണ് ഇന്ത്യയിയില്‍ നിന്ന് ഓറഞ്ച് കയറ്റുമതി. കോവിഡ് പ്രതിരോധത്തിന് ഓറഞ്ച് നല്ലതാണെന്ന ആരോഗ്യമേഖലയില്‍ നിന്നുള്ള അറിയിപ്പുണ്ടായിട്ടും ഇപ്പോള്‍ വില കുറവാണെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.
ഇന്ത്യയില്‍ നിന്നുള്ള പഴവര്‍ഗങ്ങളില്‍ മിക്കതും സൗദിയില്‍ എത്തുമെങ്കിലും കേരളത്തിലെ നേന്ത്രപ്പഴം, ചക്കപ്പഴം എന്നിവയ്ക്ക് വലിയ വിലയാണ്. റോബസ്റ്റയാണ് സൗദിയിലെ പ്രധാനമായും ലഭിക്കുന്ന വാഴപ്പഴം. അതേസമയം പൂവന്‍പഴം, ചെങ്കദളി, ഞാലിപ്പൂവന്‍, മൈസൂര്‍പഴം, പാളയംകോടന്‍ എന്നീ ഇനങ്ങള്‍ വളരെ അപൂര്‍വമായിട്ടു മാത്രമേ സൗദിയില്‍ ലഭിക്കൂ. എന്നാല്‍ കിഴങ്ങ് വര്‍ഗങ്ങള്‍ ചേനയും ചേമ്പുമടക്കം മിക്കതും ലഭിക്കും.
അതേസമയം സൗദിയില്‍ കൃഷി വര്‍ധിച്ചുവരുകയാണ്. ഈത്തപ്പഴം ഉല്പാദനത്തില്‍ ഈജിപ്റ്റ് കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം സൗദിക്കാണ്. 13 ലക്ഷം ടണ്‍ ഈത്തപ്പഴമാണ് സൗദി ഉല്പാദിപ്പിക്കുന്നത്. റുമാന് പുറമെ തണ്ണിമത്തന്‍, തക്കാളി, കുക്കുമ്പര്‍ എന്നിവയും ധാന്യങ്ങളായി ബാര്‍ലി, ഗോതമ്പ്, സോര്‍ഗം എന്നിവയുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
6.34 ലക്ഷം ടണ്‍ തണ്ണിമത്തന്‍ കഴിഞ്ഞ വര്‍ഷം സൗദിയില്‍ വിളവെടുത്തത്. 4.82 ലക്ഷം ടണ്‍ ഉരുളക്കിഴങ്ങ്, 3.12 ലക്ഷം തക്കാളി, 1.15 ലക്ഷം ടണ്‍ കുക്കുമ്പര്‍ എന്നിങ്ങനെയാണ് സൗദിയില്‍ കഴിഞ്ഞ വര്‍ഷം വിളവെടുത്തത്.