മൂക്കിന് താഴെ മാസ്‌ക്കിട്ടവര്‍ക്കും കിട്ടി 1000 റിയാല്‍ പിഴ; 50 പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടിയാല്‍ 15000 റിയാല്‍ പിഴ

റിയാദ്: 50ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുത്താലും 5000 റിയാല്‍ പിഴ. സൗദി ഗവണ്‍മെന്റ് കോവിഡ് മാനദണ്ഡം പാലിക്കാത്തവരെ പിടികൂടാന്‍ പരിശോധന കര്‍ക്കശമാക്കി.
മൂക്ക് മറയ്ക്കാതെ മാസ്‌ക് ധരിച്ചവര്‍ക്കും മാസ്‌ക് ധരിക്കാത്തവര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ ബത്ഹയ്ക്ക് സമീപം നടന്ന പരിശോധനയില്‍ 1000 റിയാല്‍ പിഴ ലഭിച്ചു. ആവര്‍ത്തിക്കുന്നവര്‍ക്ക് തുക ഇരട്ടിയാകും.
അന്‍പതിലധികം ആളുകള്‍ കൂടിച്ചേര്‍ന്നാല്‍ 30000 റിയാല്‍ വരെയാണ് പിഴ. വീടുകള്‍, മരുഭൂമിയിലെ ടെന്റുകള്‍, മസ്‌റകള്‍ എവിടെയാണെങ്കിലും പിഴ ലഭിക്കും. കുടുംബത്തിന്റെ കൂടിച്ചേരലിന് മാത്രമേ ഇളവുള്ളൂ. ആദ്യതവണ 15000 റിയാലാണ് പിഴ. ആവര്‍ത്തിച്ചാല്‍ 30000 റിയാല്‍ വരെ ലഭിക്കും.
പ്രവാസി സംഘടനകളില്‍ മലയാളി സംഘടനകളാണ് സൗദിയിലെ കോവിഡ് മാനദണ്ഡം പാലിക്കുന്നതിന് പുല്ലുവില കല്‍പ്പിക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. നിരവധി തവണയാണ് മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ കോവിഡിന് ശേഷം വലിയ യോഗങ്ങള്‍ നടന്നത്.
നിരവധി സംഘടനകള്‍ നിയമം പാലിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ മീറ്റിങ് നടത്തുന്നുണ്ടെങ്കിലും ചിലര്‍ക്ക് നിയമം ബാധകമല്ലാത്ത രീതിയിലാണ് റിയാദില്‍ യോഗങ്ങള്‍ നടത്തുന്നത്.