നിയമലംഘകരായ 3491 പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു

റിയാദ്: കോവിഡിന് ശേഷം സൗദിയില്‍ രേഖകളില്ലാതെ പിടിക്കപ്പെട്ട് ഇന്ത്യയിലേക്ക് മടക്കി അയച്ചത് 3491 പേരെ. അതേസമയം നിയമലംഘകരെ പിടിക്കുന്നതിനായി പരിശോധന ശക്തമായി തുടരുകയാണ്.
വിവിധ സേനകള്‍ ഒരുമിച്ചാണ് പരിശോധന നടത്തുന്നത്.
ഇങ്ങനെ പിടിക്കപ്പെട്ട് നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 252 പേരെ കൂടി ഇന്ത്യയിലേക്ക് എംബസിയുടെ സഹായത്തോടെ അയച്ചു. മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം റിയാദില്‍ നിന്നും ഡല്‍ഹിയിലേക്കാണ് യാത്രയായത്. അവിടെ നിന്ന് സ്വന്തം പണം മുടക്കി നാട്ടിലേക്ക് പോകണം. ഡല്‍ഹിയില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലെ വിമാനം വഴി നാട്ടിലേക്ക് മടങ്ങാനാകൂ.
റിയാദില്‍ നിന്നും പന്ത്രാണ്ടാമത്തെ സംഘമാണ് ഇന്ന് യാത്രയായത്. 9 മലയാളികള്‍ ഉള്‍പ്പെടെ 252 പേരാണ് സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ മടങ്ങിയത്. റിയാദിലെയും ദമ്മാമിലെയും നാട്കടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നവരാണ് നാട് അധികവും. 108 പേര് ദമ്മാമില്‍ നിന്നും ബാക്കി 144 പേര് റിയാദില്‍ നിന്നുമാണ് പിടിയിലായത്. ഡല്‍ഹിയിലെത്തിയ ഇവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. താമസ രേഖ പുതുക്കാത്തവര്‍, ഹുറൂബ് അഥവാ ഒളിച്ചോടിയവര്‍, തൊഴില്‍ നിയമലംഘനം നടത്തിയവര്‍ എന്നിവരെയാണ് പിടികൂടി നാട്കടത്തല്‍ കേന്ദ്രം വഴി സ്വദേശങ്ങളിലേക്ക് മടക്കി അയക്കുന്നത്. ഇവര്‍ക്ക് നിയമ ലംഘനത്തിന്റെ തോത് അനുസരിച്ച് സൗദിയിലേക്ക് മടങ്ങുന്നതിന് വിലക്കും ഏര്‍പ്പെടുത്തും. നിയമ ലംഘകരെ കണ്ടെത്തുന്നതിന് സൗദി സുരക്ഷാ വിഭാഗങ്ങള്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലംഘനം നടത്തിയവരെ പിടികൂടി നടപടികള്‍ പൂര്‍ത്തിയാക്കി നേരിട്ട് നാടുകടത്തുന്ന പ്രക്രിയയാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. സൗദി സര്‍ക്കാറിന്റെ ചിലവില്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്താണ് ഇവരെ സ്വദേശങ്ങളിലേക്ക് മടക്കി എത്തിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യന്‍ എംബസിയും ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി. ഇങ്ങനെ നാട്ടിലേക്ക് മടക്കിയക്കുന്നവര്‍ക്ക് സൗദിയില്‍ വീണ്ടും പ്രവേശനം അനുവദിക്കില്ല.