കോവിഡ് വാക്‌സിന്‍; സൗദിയില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിന്‍ വിദേശികള്‍ക്കും സൗദികള്‍ക്കും സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സിഹതീ ആപ് വഴി ഇന്നു മുതല്‍ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു തുടങ്ങി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുന്നത്.
പരീക്ഷണഘട്ടങ്ങള്‍ വിജയിച്ചത് കാരണം വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്. ശരീരത്തിന് പ്രതിരോധ ശേഷി കൈവരുത്തുന്നതും തുടര്‍ച്ചയായ ആന്റിബോഡികള്‍ ഉണ്ടാക്കുന്നതുമാണിത്. മൂന്നു ഘട്ടങ്ങളാണ് വാക്‌സിന്‍ നല്‍കുക.

 65 വയസ്സിന് മുകളിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കും.  ഇതോടൊപ്പം രോഗബാധക്ക് സാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അമിത വണ്ണമുള്ളവര്‍, അയവയമാറ്റം നടത്തിയവരടക്കമുള്ള പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

പ്രമേഹം, ആസ്തമ, ഹൃദ്രോഗം, പക്ഷാഘാതമുണ്ടായവര്‍, ശ്വസകോശ രോഗങ്ങള്‍‌, വൃക്കരോഗം തുടങ്ങിയ ഏതെങ്കിലും രണ്ടോ അതിലധികമോ രോഗമുള്ളവര്‍ക്കും ഒന്നാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കും.  
രണ്ടാം ഘട്ടത്തില്‍ 50 വയസ്സിന് മുകളിലുള്ള വിദേശികളും സ്വദേശികളും മറ്റു ആരോഗ്യപ്രവര്‍ത്തകരും. ആസ്തമ, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, അര്‍ബുദം, നേരത്തെ സ്‌ട്രോക്ക് വന്നവര്‍ എന്നിവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ നല്‍കും.
വാക്‌സിന് എടുക്കാന്‍ താത്പര്യമുള്ള എല്ലാ സ്വദേശികളെയും വിദേശികളെയും മൂന്നാംഘട്ടത്തില്‍ പരിഗണിക്കും.