2.8 കോടി റിയാല്‍ കള്ളപ്പണമെന്ന് സംശയം; കട ഉടമയ്ക്കും ജീവനക്കാരനും കഠിനതടവ്‌

മേഖലയിലെ പ്രമുഖ വാണിജ്യ സ്ഥാപനത്തിൽനിന്ന് സംശയാസ്പദമായ രീതിയിൽ വൻതുക കണ്ടെത്തിയതിനെ തുടർന്ന് ഉടമക്കും ജീവനക്കാരനും ഒമ്പത് വർഷം കഠിന തടവ്. ജിദ്ദ ക്രിമിനൽ കോടതിയുടേതാണ് വിധി. കള്ളപ്പണം വെളുപ്പിച്ചതായും ബിനാമി ബിസിനസ് നടക്കുന്നതായും സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയ പബ്ലിക് പ്രോസിക്യൂഷൻ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ എത്തിയ 28 ദശലക്ഷം റിയാൽ പിടിച്ചെടുത്തിരുന്നു. 
അക്കൗണ്ടിൽ വൻതുക കണ്ടെത്തിയതിനെ തുടർന്ന് പ്രാദേശിക ബാങ്കിൽ നിന്ന് ജനറൽ അഡ്മിനിസ്‌ട്രേഷന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കുറ്റം നിഷേധിക്കാൻ ഇരുവർക്കും സാധിക്കാത്തതിനെ തുടർന്നാണ് പണം പിടിച്ചെടുത്തത്. സ്ഥാപനത്തിന്റെ അക്കൗണ്ട് ഉപയോഗപ്പെടുത്തി രാജ്യത്തിനകത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പണം സ്വീകരിച്ചതായും രാജ്യത്തിന് പുറത്തുള്ള കമ്പനികൾക്ക് വൻതുക കടത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. കേസിൽ ബിനാമി ബിസിനസ് നടത്തൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ രണ്ട് കുറ്റകൃത്യങ്ങളാണ് ഇരുവർക്കെതിരെയും ചുമത്തിയത്. 
ജിദ്ദ ഗവർണറേറ്റിലെ ക്രിമിനൽ കോടതിയുടെ നാലാമത്തെ ജോയന്റ് ക്രിമിനൽ ചേംബർ പ്രസ്തുത തുക കണ്ടുകെട്ടാനും വിധി പുറപ്പെടുവിച്ചു. പ്രതികളുടെ ശിക്ഷാ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി അന്വേഷണത്തിന് നേതൃത്വം നൽകിയ ഇക്കണോമിക് ക്രൈംസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.