സൗദിയില്‍ പുതുതായി ആരംഭിച്ചത് അരലക്ഷത്തിലധികം ചെറുകിട സ്ഥാപനങ്ങള്‍

സൗദിയില്‍ പുതുതായി തുടങ്ങുന്ന ചെറുകിട വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്. ഒരു വര്‍ഷത്തിനിടെ പുതിയ സ്ഥാപനങ്ങളുടെ എണ്ണം അരലക്ഷം കവിഞ്ഞു.40 ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്. സൗദി പൗരന്‍മാരുടെ കീഴിലും വിദേശ നിക്ഷേപത്തിന് കീഴിലുമുള്ള സ്ഥാപനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. വാണിജ്യമന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. ചെറുകിട മേഖലയില്‍ 580000 സ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ 55736 സ്ഥാപനങ്ങള്‍ പുതുതായി തുടങ്ങിയതാണ്.
പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങളുടെ എണ്ണം 10 ശതമാനമാണ് വര്‍ധിച്ചത്. സ്വകാര്യ മേഖലയില്‍ സൗദി പൗരന്‍മാര്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വായ്പ അനുവദിച്ചത് പ്രധാന നേട്ടമായി. വിദേശികള്‍ക്ക് സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി വഴി നിക്ഷേപത്തിലൂടെ സ്ഥാപനം തുടങ്ങാം. സ്‌പോണ്‍സറില്ലാതെ തുടങ്ങാവുന്ന ഇത്തരം നിക്ഷേപവും വര്‍ദ്ധിച്ചിട്ടുണ്ട്.