യുഎഇയില്‍ കൊറോണ വാക്‌സിന്‍ കുത്തിവയ്പ് തുടങ്ങി

ദുബായ്: യുഎഇയില്‍ കൊറോണ വാക്‌സിന്‍ കുത്തിവയ്പ് തുടങ്ങി. ദിവസം 5000 പേര്‍ക്ക് നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്കാണ് ശനിയാഴ്ച നല്‍കിയത്. ഇനിയും ബുക്കിങ് തുടരുകയാണ്. വാക്‌സിന് നല്‍കുന്നതിന് ഒരാള്‍ക്ക് മാത്രം 15 മിനുട്ട് വേണ്ടി വരും. അടുത്ത അര മണിക്കൂര്‍ ഈ വ്യക്തി നിരീക്ഷണത്തില്‍ തുടരുകയും വേണം.

കൊറോണ പ്രതിരോധത്തിന് യുഎഇ അംഗീകരിച്ച സിനോഫം വാക്‌സിന്‍ ആണ് നല്‍കി വരുന്നത്. വിപിഎസ് ഹെല്‍ത്ത് കെയര്‍ വഴിയാണ് കുത്തിവയ്പ്പ് നടത്തുന്നത്. വിപിഎസ് ഹെല്‍ത്ത് കെയറിന്റെ യുഎഇയിലെ 18 ആശുപത്രികളും മെഡിക്കല്‍ സെന്ററുകളിലും വിതരണം നടക്കുന്നുണ്ട്. ഒട്ടേറെ പ്രവാസികളും വാക്‌സിന്‍ സ്വീകരിച്ചു. ആശുപത്രികളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ കുത്തിവയ്പ്പിനായി ഒരുക്കിയിട്ടുണ്ട്. 8005546 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബറില്‍ വിളിച്ച്‌ ബുക്ക് ചെയ്യാം.

കൊറോണ വാക്‌സിന്‍ വിതരണത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ അതിവേഗ നടപടികളാണ് സ്വീകരിച്ചുവരുന്നത്. സിനോഫം വാക്‌സിന് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് യുഎഇയില്‍ കുത്തിവയ്പ് ആരംഭിച്ചിരിക്കുന്നത്. റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ വാക്‌സിനുകളും ഗള്‍ഫ് രാജ്യങ്ങളില്‍ ഉടന്‍ നല്‍കി തുടങ്ങും.

ഫൈസര്‍ വാക്‌സിന് കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു. ബ്രിട്ടന്‍ അംഗീകരിച്ചിതിന് പിന്നാലെയാണ് ബഹ്‌റൈനും അനുമതി നല്‍കിയത്. സൈനികര്‍ക്കും ആരോഗ്യ മേഖലയിലുള്ളവര്‍ക്കും നല്‍കുന്നതിന് പിന്നിലെ എല്ലാവര്‍ക്കും മരുന്ന് കുത്തിവയ്ക്കാനാണ് ഗള്‍ഫ് രാജ്യങ്ങളുടെ ആലോചന. 18ന് താഴെയുള്ളവര്‍ക്ക് നല്‍കില്ല. ഇതോടൊപ്പം തന്നെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ടൂറിസം മേഖല സജീവമാക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.